തിരുവനന്തപുരം: മതിയായ യോഗ്യതയില്ലാത്തവരാണ് ജോലിയിൽ തുടരുന്നതെന്ന ഓഡിറ്റ് റിപ്പോർട്ട് തള്ളി സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അനർഹരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം.
ഫയൽ സെക്രട്ടേറിയറ്റിൽ എത്തിയതായാണ് വിവരം. കഴിവും യോഗ്യതയുമുള്ളവരെ പിരിച്ചുവിട്ട് ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലത്രെ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലൊന്നിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും നിലവിലുണ്ട്.
അതു മറച്ചുവെച്ചാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. കരാർ അനധികൃതമായി നീട്ടി നൽകിയിരിക്കുന്നവർ മതിയായ യോഗ്യതയോ തൊഴിൽ പരിചയമോ ഇല്ലാതെ പിൻവാതിലിലൂടെ നിയമനം നേടിയവരാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വളരെ ഗുരുതരമായ കാര്യങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. റിസർച്ച് ഓഫീസർ, എഡിറ്റോറിയൽ അസിസ്റ്റൻറ് തസ്തികകളിൽ താൽകാലിക നിയമനം ലഭിച്ചവരിൽ ബഹുഭൂരിപക്ഷത്തിനും മതിയായ പ്രവൃത്തി പരിചയമോ യോഗ്യതയോ ഇല്ല. ചില തസ്തികകളിൽ യോഗ്യത അനുസരിച്ച് ആരെയും നിയമിച്ചിട്ടില്ല.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ വർഷങ്ങളായി ഇവിടെ കള്ളക്കളിയാണ് നടക്കുന്നത്. 2006ലാണ് ഒഴിവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവ് വന്നത്.
എന്നാൽ അന്നു മുതൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചിരിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. ഇത് കീഴ്വഴക്കമായി കാണിച്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണു വഴിവിട്ട നീക്കം.
ഇതിനായി യോഗ്യതയുള്ളവരെ കരാർ അവസാനിപ്പിച്ച് പിരിച്ചുവിടുകയും സ്വന്തക്കാരെയും ബന്ധുക്കാരെയും തിരുകിക്കയറ്റുകയുമാണ്. താൽക്കാലിക ജീവനക്കാരെ നിയമിച്ച് അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ തുക ശമ്പളമായി നൽകി നഷ്ടമുണ്ടാക്കിയെന്നും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നു തിരിച്ചുപിടിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.