തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ നിർമല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചതിനെ ട്രോളി മാധ്യമപ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ. പാർലമെന്‍റ് കാന്‍റീനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എൻ.കെ. പ്രേമചന്ദ്രൻ ഉച്ചഭക്ഷണം കഴിച്ചപ്പോൾ ബി.ജെ.പിയിലേക്കെന്ന് ആക്ഷേപം ഉന്നയിച്ചവർ ഇപ്പോൾ പിണറായിയുടെ കൂടിക്കാഴ്ച ന്യായീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് റെജിമോൻ കുട്ടപ്പൻ ഫേസ്ബുക്കിൽ പരിഹാസമുന്നയിച്ചത്.
പാർലമെന്‍റ് കാന്‍റീനിൽ പ്രധാനമന്ത്രിയുമായി എൻ.കെ. പ്രേമചന്ദ്രൻ ഉച്ചഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു, കോൺഗ്രസ് ബി.ജെ.പി പാലം ഇടാൻ പോകുന്നു എന്നൊക്കെയായിരുന്നു സി.പി.എമ്മിന്‍റെ ആക്ഷേപം. നമ്മൾ ഇട്ടാൽ വള്ളിനിക്കർ നിങ്ങൾ ഇട്ടാൽ ബർമുഡ! ലേശം ഉളുപ്പ് -എന്ന കുറിപ്പാണ് റെജിമോൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഭിന്ന രാഷ്ട്രീയമുള്ള രണ്ടുപേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല എന്ന പോസ്റ്ററും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ ഫേസ്ബുക്ക് കുറിപ്പ് എൻ.കെ. പ്രേമചന്ദ്രൻ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വിശദീകരണം നൽകിയിരുന്നു. തീർത്തും സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും അതൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് മാത്രമായിരുന്നെന്നും ധനാഭ്യർഥന മറുപടിയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.
നിർമല സീതാരാമനെ കണ്ടതിൽ എന്തോ വലിയ സംഭവം നടന്നതു പോലെയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്. എനിക്ക് എന്‍റെ രാഷ്ട്രീയമുണ്ട്. ഗവർണർക്ക് അദ്ദേഹത്തിന്റേതും കേന്ദ്ര ധനമന്ത്രിക്ക് അവരുടേതും. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ തമ്മിൽ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകുന്ന അവസ്ഥയുണ്ടാകുമോ. കൂടിക്കാഴ്ചയിൽ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. നാടിനെതിരായ ചർച്ചയല്ല. നാടിന്‍റെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. കേരളത്തിന്റെ കാര്യങ്ങളിൽ ധനമന്ത്രി ഗൗരവമായ അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. മറ്റുതരത്തിൽ ഒരു നിവേദനം കൊടുക്കലിനുള്ള അവസരമായി ആ ‘ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങി’നെ മാറ്റിയില്ല.
ഗവർണർ പാലമായി നിൽക്കുന്നെന്നാണ് പ്രതിപക്ഷ വിമർശനം. ഗവർണർ ക്ഷണിച്ചിട്ടല്ല ഞാൻ കൂടിക്കാഴ്ചക്ക് ചെന്നത്. ഞാൻ ക്ഷണിച്ച പ്രകാരമാണ് ഗവർണർ എത്തിയത്. പി.ബി യോഗത്തിന് ദൽഹിയിലേക്ക് പോയ വിമാനത്തിലാണ് യാദൃച്ഛികമായി ഗവർണറുമുണ്ടായിരുന്നത്. ഞങ്ങൾ അടുത്തടുത്താണ് ഇരുന്നത്. പിറ്റേന്നത്തെ സൽക്കാരത്തിന്‍റെ കാര്യം ഗവർണർ ഓർമിപ്പിക്കുകയും വരണമെന്ന് വീണ്ടും ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ആ പരിപാടിയിൽ പങ്കെടുത്തത്. അവിടെ പോയി ഇരുന്നെന്ന് മാത്രം. ഈ സമയത്താണ് പിറ്റേന്ന് കേന്ദ്ര ധനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ കാര്യം ഗവർണറോട് പറയുകയും അസൗകര്യമില്ലെങ്കിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. അദ്ദേഹം വരാമെന്നും അറിയിച്ചു. ഇതാണ് നടന്നത് എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.