മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.വി. അന്‍വര്‍ എം.എൽ.എ. നാക്കുപിഴയെന്നും അപ്പന്‍റെ അപ്പനായാലും മറുപടിയെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അന്‍വര്‍ ഫേസ്ബുക്ക് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ നിയമസഭ മന്ദിരത്തിനു മുന്നിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ അൻവറിന്‍റെ പരാമർശം. ‘മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നാക്കുപിഴ സംഭവിച്ചു.

മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ അപ്പന്‍റെ അപ്പനായാലോ ഞാൻ മറുപടി പറയുമെന്ന ഒരു പരാമർശം എന്‍റെ നാവിൽനിന്ന് വീണുപോയി. ഒരിക്കലും അപ്പന്‍റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കി മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രിക്കു എത്ര മുകളിലുള്ള ആളായാലും പ്രതികരിക്കുമെന്നാണ് ഉദ്ദേശിച്ചത്. വാക്കുകൾ അങ്ങനെ ആയിപോയതിൽ അങ്ങേയറ്റത്തെ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും എല്ലാവരോടും മാപ്പു പറയുന്നു, ഖേദം പ്രകടിപ്പിക്കുന്നു, ആത്മാർഥമായ ക്ഷമ ചോദിക്കുകയാണ്’ -അൻവർ വിഡിയോയിൽ പറയുന്നു.

Full View

ഇടതുപക്ഷവുമായുള്ള ബന്ധം ഉപേ‍ക്ഷിച്ചശേഷം അൻവർ എ.എൽ.എ ആദ്യമായാണ് നിയമസഭയിൽ എത്തിയത്. കഴുത്തിൽ ഡി.എം.കെയുടെ ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍ ലീഗ് എം.എൽ.എ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ ഇരിപ്പിടം. അതേസമയം മുഖ്യമന്ത്രി ബുധനാഴ്ചയും നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തെ, കേരള പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന്‍റെ കൈയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചിരുന്നു.

ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകമെന്നും അൻവർ കൂട്ടിച്ചേർത്തു. സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അൻവർ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി.

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Remarks against the Chief Minister; Anwar apologizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.