കൊച്ചി: തിരു-കൊച്ചി സംസ്ഥാന ലയനത്തിെൻറ ആലോചനയോഗം നടന്ന തൃപ്പൂണിത്തുറ ഹിൽപാലസിലെ പഴയ രാജസദസ്സ് ഓർമപ്പെടുത്തലുകളുടെ കുറിപ്പുകൾ ആലേഖനം ചെയ്ത് ചരിത്രപാഠങ്ങളിലേക്ക് കിളിവാതിൽ തുറക്കുകയാണ്. അലയടിച്ചുയരുന്ന കടൽക്കരയിൽ സാമ്രാജ്യത്വ ചരിത്രത്തിെൻറ കഥകൾ പറയുന്ന ഫോർട്ട്കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവ് അറിവിെൻറ ലോകത്തേക്ക് ക്ഷണിക്കുന്നു. നവീകരിച്ച ഹിൽപാലസ് മ്യൂസിയത്തിെൻറയും ബാസ്റ്റിൻ ബംഗ്ലാവിെൻറയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുന്നതോടെ പൊതുജനത്തിന് ഈ കാഴ്ചകൾ സ്വന്തം.
പോർചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാര ചരിത്രവും കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ രാഷ്ട്രീയനീക്കങ്ങളും പ്രദർശിപ്പിച്ച് 3.58 കോടി ചെലവഴിച്ച് നവീകരിച്ചിരിക്കുകയാണ് എറണാകുളം ജില്ല മ്യൂസിയമായ ഫോർട്ട്കൊച്ചി ബാസ്റ്റിൻ ബംഗ്ലാവ്. മധ്യകാല കേരളത്തിെൻറ രാഷ്ട്രീയഘടനയും വാസ്കോഡ ഗാമയുടെ വരവുമുതൽ ബ്രിട്ടീഷുകാരിൽനിന്നുള്ള ഇന്ത്യയുടെ മോചനംവരെ നീളുന്ന ചരിത്രവും ബാസ്റ്റിൻ ബംഗ്ലാവിെൻറ ചുവരുകളിൽ തയാറാക്കി.
52 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയമായ തൃപ്പൂണിത്തുറ ഹിൽപാലസിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്ന പ്രദർശനപെട്ടികൾ, സന്ദർശകസൗകര്യങ്ങൾ, സി.സി ടി.വി, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ നവീകരണമാണ് പൂർത്തീകരിച്ചത്. മാണിക്യവും വജ്രവും മരതകവും പതിപ്പിച്ച 1765 ഗ്രാമുള്ള കിരീടം ഇവിടെയുണ്ട്.
കേന്ദ്രം അനുവദിച്ച 2.50 കോടിയും സംസ്ഥാന സർക്കാറിൽനിന്നുള്ള 62.5 ലക്ഷവും ഉപയോഗിച്ചാണ് ആദ്യഘട്ട നവീകരണപ്രവർത്തനം.രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 1.12 കോടി കേന്ദ്ര ധനസഹായം ലഭ്യമായിട്ടുണ്ട്. ഇതുപയോഗിച്ച് നടുവിലെ മാളിക, തെക്കേമാളിക, വടക്കേമാളിക എന്നീ പ്രധാന കെട്ടിടങ്ങളുടെ ഗാലറികളുടെ സജ്ജീകരണം നടക്കുകയാണ്.
ഇനി മുതൽ പൊതുജനങ്ങൾക്ക് ഹിൽപാലസിലെ എല്ലാ മുറിയും കാണാനാകുമെന്നതും പ്രത്യേകതയാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് നവീകരിച്ച ഹിൽപാലസ് മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മ്യൂസിയം ഹബാകാൻ കേരളം
കേരളത്തെ ഇന്ത്യയുടെ മ്യൂസിയം ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിെല മിനി മ്യൂസിയങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചില ചരിത്രസംഭവങ്ങൾ എന്നും ഓർമിക്കപ്പെടേണ്ടതും പ്രാദേശിക ജനതക്ക് വൈകാരിക അടുപ്പമുള്ളതുമാണ്. അത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയങ്ങൾ നിർമിക്കാൻ ആലോചിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ 31 പദ്ധതി ഏറ്റെടുത്തു. 11 എണ്ണം പൂർത്തീകരിച്ചു.
5.66 കോടി െചലവിട്ട് നവീകരിച്ച പാലക്കാട് ജില്ല മ്യൂസിയവും വെള്ളിയാഴ്ച തുറക്കും. 20 മ്യൂസിയംകൂടി നിർമാണഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.