ന്യൂഡൽഹി: സുപ്രീംകോടതിയുടെ കരുതൽമേഖല (ബഫർസോൺ) വിധിക്കെതിരെ നിയമപോരാട്ടത്തിന് കേന്ദ്ര സർക്കാർ പിന്തുണ അറിയിച്ചതായി സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ.സംസ്ഥാനത്തെ സംരക്ഷിത വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് ഭീഷണിയായിരുന്നു കോടതി വിധി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവുമായി ഡൽഹിയിൽ ചർച്ച നടത്തിയ ശേഷം കേരള ഹൗസിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മന്ത്രി ശശീന്ദ്രൻ ഇക്കാര്യം അറിയിച്ചത്. സംരക്ഷിത വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലകളായി നിർണയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഗോദവർമൻ തിരുമുൽപാട് കേസിൽ കഴിഞ്ഞ മാസം ആറിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരെ സുപ്രീംകോടതിയിൽ പോകാനുള്ള കേരളത്തിന്‍റെ നീക്കത്തിനാണ് കേന്ദ്ര മന്ത്രി പിന്തുണ അറിയിച്ചത്.കേരളത്തിൽ പ്രധാനമായും വയനാട്, ഇടുക്കി, എറണാകുളം ജില്ലകളെയാണ് വിധി പ്രതികൂലമായി ബാധിക്കുകയെന്ന് മന്ത്രി പറഞ്ഞു.
കേരളം അനുഭവിക്കുന്ന പ്രയാസം മന്ത്രിക്ക് ബോധ്യപ്പെട്ടുവെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ കേരളത്തേക്കാളേറെ വിധി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞുവെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.