കൊച്ചി: കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശ്ശിക കൊടുത്തു തീർക്കണമെന്ന ഉത്തരവ് ജനുവരി നാലിനകം നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കണ്ണൂർ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവർ ശമ്പളം വാങ്ങരുതെന്നും ഹൈകോടതി ഉത്തരവ്.
അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കടമ്പൂർ സ്കൂൾ മാനേജർ പി. മുരളീധരൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2016 മുതൽ നിയമിതരായ 128 അധ്യാപകരുടെ നിയമനങ്ങൾ രണ്ട് മാസത്തിനകം അംഗീകരിച്ച് മുഴുവൻ ശമ്പള കുടിശ്ശികയും നൽകാൻ കഴിഞ്ഞ ഫെബ്രുവരി 23ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കാൻ ആഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്നാണ് സ്കൂൾ മാനേജർ കോടതിയലക്ഷ്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.