സഹകരണ ബാങ്ക് നിക്ഷേപം മുഴുവന്‍ കള്ളപ്പണമല്ല –സംഘ്പരിവാര്‍ അനുകൂല സംഘടന

പാലക്കാട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിലവിലുള്ള നിക്ഷേപം മുഴുവന്‍ കള്ളപ്പണമാണെന്ന വാദം അസംബന്ധമാണെന്ന് സംഘ്പരിവാര്‍ അനുകൂല സംഘടനയായ സഹകാര്‍ ഭാരതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ജില്ല സഹ. ബാങ്കുകളില്‍നിന്ന് ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കറന്‍സി നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന്, സഹകരണ സംഘങ്ങള്‍ ദുരവസ്ഥയിലായതിന് ശേഷം കേന്ദ്ര നയത്തെ സഹകാര്‍ ഭാരതി പരസ്യമായി തള്ളിപ്പറയുന്നത് ആദ്യമായാണ്.

കറന്‍സി അസാധുവാക്കല്‍ പ്രക്രിയക്ക് ശേഷം സഹകരണ മേഖല ഏറെ പ്രയാസത്തിലാണെന്ന് സഹകാര്‍ ഭാരതിയുടെ തമിഴ്നാട്-കേരള മേഖലയുടെ സെക്രട്ടറി യു. കൈലാസ് മണി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ നടപടിയെ പൊതുസമൂഹം പിന്തുണക്കുന്നുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം, സഹകരണ മേഖലയുടെ സ്ഥിതി മറിച്ചാണെന്ന് സമ്മതിച്ചു. സാധാരണക്കാര്‍ ഇടപാടുകാരായ ഈ മേഖലയുടെ പ്രയാസം വസ്തുതയാണ്. അത് കാണാതിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തെ സഹകരണ മേഖലയിലേത് മുഴുവന്‍ കള്ളപ്പണമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. പുതിയ കറന്‍സികളും ചെറിയ തുകക്കുള്ള നോട്ടുകളും സഹകരണ മേഖലക്ക് എത്രയുംപെട്ടെന്ന് ലഭ്യമാക്കണം.  അസാധുവാക്കിയ നോട്ടുകള്‍ സഹകരണ സംഘം വായ്പ തിരിച്ചടവിന് ഉപയോഗിക്കാന്‍ ഡിസംബര്‍ 31 വരെ സൗകര്യം അനുവദിക്കണം.

സഹകരണ മേഖലയിലെ പ്രയാസങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. മേഖലയിലെ പ്രതിസന്ധി ഊതിവീര്‍പ്പിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. ഇതില്‍നിന്ന് പിന്തിരിയണമെന്നും സഹകാര്‍ ഭാരതി ആവശ്യപ്പെട്ടു. ജില്ല ജന. സെക്രട്ടറി എം. രാജേഷ്, സതീരത്നം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - sangh pariwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.