പട്ടികവിഭാഗം വിദ്യാർഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്: ഒഡെപ്പെക്കുമായി ചേര്‍ന്ന് നവീകരിച്ച പദ്ധതി

തിരുവന്തപുരം: പട്ടികവിഭാഗം വിദ്യാർഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്, ഒഡെപ്പെക്കുമായി ചേര്‍ന്ന് നവീകരിച്ച് നടപ്പാക്കുന്ന പദ്ധതി ബുധനാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അയ്യങ്കാളി ഹാളില്‍ രാവിലെ 11ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

വിദേശ പഠന സ്കോളർഷിപ്പിന്റെ അപേക്ഷ പ്രക്രിയകള്‍ എളുപ്പത്തിലാക്കാൻ ഓവർസീസ് ഡെവലപ്മെൻറ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻസ് (ഒഡെപ്പെക്ക്) തയാറാക്കിയ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം മുതൽ വിദേശ പഠന സ്കോളർഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക.

വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജന്‍സികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകള്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായി നിർദിഷ്ട വെബ് സൈറ്റിൽ അപേക്ഷിക്കാം. അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി അര്‍ഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കും. അടുത്തവർഷം 310 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനാണ് പ്രാഥമിക ധാരണ.

ബിരുദത്തിന് ചുരുങ്ങിയത് 55 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 35 വയസിൽ താഴെയുള്ളവരാകണം അപേക്ഷകർ. പട്ടികവർഗക്കാര്‍ക്ക് വരുമാന പരിധിയില്ല. 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തിൽ നിന്നുള്ള കുട്ടികള്‍ക്കാകും 25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നൽകുക. ഈ വിഭാഗത്തിൽ 175 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും.

12 മുതൽ 20 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരു വിദ്യാർഥിക്ക് ഒരു കോഴ്സിന് മാത്രമാകും സ്കോളർഷിപ്പ് അനുവദിക്കുന്നത്. 

Tags:    
News Summary - Scholarship for Study Abroad for Scheduled Caste Students: A revamped scheme with ODPEC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.