കോഴിക്കോട്: ഓൺലൈൻ പാഠ്യപദ്ധതിയിലും ചില സ്വകാര്യ സ്കൂളുകൾ പഴയ ഫീസ് നിർബന്ധപൂർവം പിരിക്കുന്നതായി ആക്ഷേപം. കെട്ടിടമുൾെപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഉപയോഗിക്കാതിരുന്നിട്ടും നിലവിലെ ഫീസ് തന്നെ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നതായാണ് ആരോപണം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചില സ്കൂളുകൾ ഫീസ് കുറച്ച് നൽകാൻ തയാറായിട്ടുണ്ടെങ്കിലും ടെക്സ്റ്റ് പുസ്തകത്തിെൻറയും നോട്ട് പുസ്തകത്തിെൻറയും വിലയും ടേം ഫീസും പഴയ നിരക്കിൽ തന്നെ വാങ്ങിക്കുന്നതായി നഗരത്തിലെ ചില സ്കൂളുകൾക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്.
നഗരത്തോട് ചേർന്ന ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പഴയ ഫീസ് നിരക്ക് അടിച്ചേൽപിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ യോഗം ചേർന്നിരുന്നു. അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളവും മറ്റ് അവശ്യ ചെലവുകളും നൽകാനാവശ്യമായ പണം ഫീസായി നൽകാമെന്ന് രക്ഷിതാക്കൾ അറിയിച്ചിട്ടും മാനേജ്മെൻറ് സമ്മതിച്ചില്ലെന്നാണ് പരാതി. ഓൺലൈൻ ക്ലാസുകൾക്കിടയിൽ പോലും നിരന്തരം അധ്യാപകരെ ഉപയോഗിച്ച് വിദ്യാർഥികളോട് മുഴുവൻ ഫീസും അടക്കാൻ ആവശ്യപ്പെടുന്നുണ്ടത്രേ.
സ്ഥലം വാങ്ങിയതടക്കമുള്ള െചലവുകൾ ചൂണ്ടിക്കാട്ടിയാണ് പണപ്പിരിവ്. കോവിഡ് പ്രതിസന്ധി സമയത്ത് ഫീസുകൾ നിർബന്ധിച്ച് വാങ്ങരുതെന്ന ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് നിലനിൽക്കെയാണ് മാനേജ്മെൻറുകൾ ഫീസിന് നിർബന്ധിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.