എസ്.ഡി കോളജ് സംഘർഷം: കേസെടുത്ത് പൊലീസ്

ആലപ്പുഴ: എസ്.ഡി കോളജിൽ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷത്തിൽ വിദ്യാർഥികളുടെ പരാതിയിൽ സൗത്ത് പൊലീസ് നാല് കേസെടുത്തു. ആക്രമസംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷം ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആലോചനയോഗം ചേരും. പൊലീസ് സുരക്ഷയിൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.

എസ്.എഫ്.ഐയുടെ രണ്ടും എ.ഐ.എസ്.എഫിന്‍റെയും ഒന്നും ഒരുസംഘടനയിലും ഉൾപ്പെടാത്ത വിദ്യാർഥിനിയായ ഗ്രീഷ്മയും നൽകിയ പരാതിയിലാണ് കേസെടുത്തത്. വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കാത്ത ബി.എ മൂന്നാംവർഷ വിദ്യാർഥിനി ഗ്രീഷ്മയുടെ പരാതിയിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിൽ തലക്ക് അടിയേറ്റതായും രണ്ടരപവന്‍റെ താലിമാല നഷ്ടമായെന്നും പറയുന്നുണ്ട്. എ.ഐ.എസ്.എഫ് പ്രവർത്തകൻ പെൺകുട്ടികളെ വടികൊണ്ട് ആക്രമിച്ച സംഭവത്തിലാണ് എസ്.എഫ്.ഐയുടെ പരാതി.

വെള്ളിയാഴ്ച വൈകീട്ട് കോളജ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 10 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇതിൽ ആറുപേർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇക്കുറി എസ്.എഫ്.ഐയും എ.ഐ.എസ്.എഫും രണ്ടുപാനലിലാണ് മത്സരിക്കുന്നത്.

കൊട്ടിക്കലാശം കഴിഞ്ഞ് നടന്ന സംഘർഷത്തിൽ എ.ഐ.എസ്.എഫ് വനിത ചെയർപേഴ്സൻ സ്ഥാനാർഥി ബി.കോം വിദ്യാർഥി ആർശ, എ.എസ്.ഐ.എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്, ബി.കോം വിദ്യാർഥി അർജുൻ, എസ്.എഫ്.ഐ മുൻ ചെയർപേഴ്സൻ സാന്ദ്ര, യൂനിറ്റ് കമ്മിറ്റി അംഗം മഴ, വനിത ലേഡി റെപ്പായി മത്സരിക്കുന്ന പൂജ, ബി.എ മൂന്നാം വർഷ വിദ്യാർഥിനി ഗ്രീഷ്മ എന്നിവർക്കാണ് പരിക്കേറ്റത്.

അതേസമയം, പുറത്തുനിന്നുള്ള എസ്.എഫ്.ഐക്കാർ കാമ്പസിലേക്ക് ഇരച്ചുകയറി രാഷ്ട്രീയപാർട്ടി നോക്കാതെ വിദ്യാർഥികൾക്കുനേരെ അക്രമണം നടത്തിയെന്നാണ് എ.ഐ.എസ്.എഫിന്‍റെ പരാതി. ചെയർമാൻ സ്ഥാനാർഥിയടക്കം അഞ്ച് ജനറൽ സീറ്റുകളിൽ എ.ഐ.എസ്.എഫ് മത്സരിക്കുന്നതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവർത്തകർ കല്ലും കമ്പും ഉപയോഗിച്ച് വിദ്യാർഥികളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്നും ഇവർ ആരോപിച്ചു.

Tags:    
News Summary - SD College conflict: Police registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.