തിരുവനന്തപുരം: ‘കള്ളക്കടൽ’ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് ഞായറാഴ്ച ഉച്ചക്കുശേഷം കടലാക്രമണം ശക്തമായത്.
ആദ്യം 50 മീറ്ററിലേറെ ഉള്‍വലിഞ്ഞ കടല്‍, മണിക്കൂറുകള്‍ക്കുശേഷം 200 മീറ്റര്‍ ദൂരം വരെ രണ്ടു മീറ്ററിലേറെ ഉയരത്തില്‍ അടിച്ചുകയറുകയായിരുന്നു. കടലാക്രമണത്തെ തുടര്‍ന്ന് ബീച്ചുകൾ വൈകീട്ടോടെ അടച്ചു. കോവളം, വര്‍ക്കല. പൂവാര്‍ മേഖലകളിലെ വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.
തിരുവനന്തപുരത്തിന്റെ തീര അതിര്‍ത്തിയായ തെക്കേ കൊല്ലങ്കോട് മുതല്‍ പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൊഴിയൂര്‍, പൂവാര്‍, പൂന്തുറ, തുമ്പ, അഞ്ചുതെങ്ങ് മേഖലകളിലെല്ലാം വീടുകളിൽ കടല്‍ കയറി.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ കലക്ടർമാരുടെ യോഗം വിളിച്ചു. കേരള തീരത്ത് അടുത്ത 48 മണിക്കൂർ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവ സ്വെൽ വേവ്സ് പ്രതിഭാസത്തിന് കാരണം. അപ്രതീക്ഷിതമായെത്തി തീരം വീഴുങ്ങുന്നതിനാലാണ് തീരവാസികൾ ‘കള്ളക്കടൽ’എന്ന് പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.