കടുവക്കായി തിരച്ചിൽ ഊർജിതം; മൂടക്കൊല്ലിയിൽ നിരോധനാജ്ഞ

വകേരി (വയനാട്): വയനാട്ടിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊന്ന നരഭോജി കടുവക്കായി ചൊവ്വാഴ്ചയും തിരച്ചിൽ ഊർജിതമാക്കി. വനമേഖലയോടു ചേർന്ന മാരമല കോളനി ഭാഗത്ത് രാവിലെ വീട്ടമ്മ കടുവയെ കണ്ടതായി അറിയിച്ചതോടെ സംഘങ്ങളായി വനമേഖലയിലടക്കം മണിക്കൂറുകളോളം തിരച്ചിൽ നടത്തി. എന്നാൽ, കടുവയെ കണ്ടെത്താനായില്ല. മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള വന പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റാപിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.

പൂതാടി പഞ്ചായത്തിലെ 11ാം വാർഡ് മൂടക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവക്കായി തിരച്ചിൽ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശം നൽകി. വയനാട് സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ജിനേഷ് മോഹൻദാസ് തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഡ്രോൺ കാമറ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

36 കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കടുവയുടെ ദൃശ്യം കഴിഞ്ഞ ദിവസംവരെ പതിഞ്ഞിട്ടില്ല.

മൂടക്കൊല്ലി, കൂടല്ലൂർ ഭാഗങ്ങളിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം രാവിലെ മുതൽ തിരച്ചിൽ നടത്തിയിരുന്നു. വനംവകുപ്പിന്റെ 60ഓളം വരുന്ന സംഘമാണ് തിരച്ചിലിനുള്ളത്.

Tags:    
News Summary - Search intensifies for tiger; Prohibition order in Mudakolli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.