തിരുവനന്തപുരം: ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിലൂടെ നിരോധിച്ച സ്കൂളുകളിലെ വിദ്യാർഥി രാഷ്ട്രീയത്തിന് വീണ്ടും വഴിതുറക്കണമെന്ന് ഖാദർ കമ്മിറ്റി രണ്ടാം റിപ്പോർട്ടിൽ നിർദേശം. മാർഗരേഖ തയാറാക്കി ആശയാടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സംഘം ചേരുന്നതിന് അനുമതി നൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനാധിപത്യ സംവിധാനത്തിലെ പാഠ്യപദ്ധതി ആരാഗ്രഹിച്ചാലും രാഷ്ട്രീയ മുക്തമാക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ നീതിന്യായ സംവിധാനങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം.
ആശയാടിസ്ഥാനത്തിലുള്ള രാഷ്ട്രീയവേദികൾ ഇല്ലാതായത് കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് സൂക്ഷ്മമായി പരിശോധിക്കണം. കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണതകളും വിഷാദരോഗത്തിന് കരണമായുള്ള പ്രശ്നങ്ങളും കാണാതെ പോകരുത്.
കുട്ടികളുടെ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരലും ആത്മഹത്യ, വിഷാദരോഗ പ്രവണതകളും ലഹരിക്കടിമപ്പെടുന്നതും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കണം. രാഷ്ട്രീയാശയ നിലപാടുകൾ ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യസംവിധാനത്തിൽ എങ്ങനെ പെരുമാറണം എന്നു ബോധ്യപ്പെടാനുളള അനുഭവങ്ങൾ പ്രായത്തിനനുസരിച്ച് വിദ്യാർഥികൾക്ക് ലഭിക്കണം.
കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിന് അനുവാദമില്ലെന്നും ഇങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് ശിക്ഷാർഹമാണെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം 2003 നവംബർ 10ന് ഇറക്കിയ സർക്കാർ ഉത്തരവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
12ാം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞുവരുന്ന വിദ്യാർഥി ഭരണഘടന പ്രകാരം വോട്ടവകാശമുള്ള പൗരൻ ആയി മാറും. വിദ്യാഭ്യാസമെന്നത് ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ സാമൂഹിക ചലനങ്ങളിലും ഭരണഘടനാനിർദേശങ്ങൾക്കു വിധേയമായി പങ്കെടുക്കാനും ജീവിതം നയിക്കാനുള്ള ഒരു പരിശീലനം കൂടിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.
ജനാധിപത്യ രീതിശാസ്ത്രം കുട്ടികൾക്ക് സ്വായത്തമാക്കാൻ കഴിയും വിധം സ്കൂൾ പാർലമെന്റ് അഞ്ചാം ക്ലാസ് മുതലുള്ള സ്കൂളുകളിൽ നിർബന്ധമാക്കണം. സ്കൂളിലുള്ള വിവിധ ക്ലബുകളുടെ പ്രവർത്തനാസൂത്രണം, നിർവഹണം, പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ സ്കൂൾ പാർലമെന്റ് ചുമതലയാകണം. സ്കൂളുകളിൽ പൂർവ വിദ്യാർഥി സംഘടനക്ക് പൊതുരൂപവും അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുമാർഗരേഖയും വികസിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.