തൊടുപുഴ: തൊഴിലിടങ്ങളിൽ യുവജനം നേരിടുന്ന സമ്മർദമടക്കമുള്ള കാര്യങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാൻ യുവജന കമീഷൻ. യുവജനങ്ങൾക്കിടയിൽ തൊഴിൽസമ്മർദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേരള സംസ്ഥാന യുവജന കമീഷൻ ഇത്തരമൊരു പഠനത്തിന് മുന്നിട്ടിറങ്ങുന്നത്.
അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സൈക്കോളജി, സോഷ്യോളജി വിദ്യാർഥികൾ പഠനത്തിന്‍റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കും. 2025 ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യം.
കമീഷന്‍റെ നേതൃത്വത്തിൽ യുവജനതയുടെ മാനസിക- ആരോഗ്യമേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്.
തൊഴിൽരഹിതരേക്കാൾ കൂടുതൽ ജീവനൊടുക്കിയത് തൊഴിൽ ചെയ്യുന്നവരായിരുന്നു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ ഭൂരിഭാഗവും. വ്യക്തികളുടെ വരുമാനവുമായും ഇത് ബന്ധപ്പെട്ടിട്ടിട്ടുണ്ട്.
ഇതിന്‍റെ രണ്ടാംഘട്ടമെന്ന നിലയിലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സമ്മർദം യുവാക്കൾക്കിടയിൽകൂടി വരുന്നതിന്‍റെ പശ്ചാത്തലത്തിൽകൂടിയാണ് രണ്ടാംഘട്ട പഠനം. തൊഴിലിടങ്ങളിലെ സമ്മർദവുമായി ബന്ധപ്പെട്ട പരാതികൾ വിവിധയിടങ്ങളിൽനിന്ന് ലഭിക്കുന്നതായി കമീഷൻ ചൂണ്ടിക്കാട്ടുന്നു.
ഐ.ടി, ടെക്സ്റ്റൈത്സ് തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. ഡിസംബർ അവസാനത്തോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.