ആലപ്പുഴ: കലവൂർ സുഭദ്ര കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ-33), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള(30) എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ വെച്ച് പൊലീസ് പിടിയിലായത്. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് അന്വേഷണ സംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു.
കൊച്ചി കടവന്ത്ര കർഷക റോഡ് ‘ശിവകൃപ’യിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സുഭദ്രയാണ് (73) കൊല്ലപ്പെട്ടത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് പഴമ്പാശ്ശേരി വില്യംസിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ശൗചാലയത്തോടു ചേർന്ന് നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ചിരുന്ന ദമ്പതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -33), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (30) എന്നിവർ ഒളിവിലാണ്. ആഭരണം കൈക്കലാക്കാനാണ് സുഭദ്രയെ കൊന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആരാധനാലയങ്ങളിലടക്കം ഒരുമിച്ച് യാത്ര നടത്തിയ സുഭദ്രയും ശർമിളയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്.
ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. ഇതുസംബന്ധിച്ച് മകൻ രാധാകൃഷ്ണൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സുഭദ്രയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനം എത്തിയത് ആലപ്പുഴ കലവൂർ കോർത്തുശ്ശേരിയിലാണെന്ന് തിരിച്ചറിഞ്ഞു. ആരാധനാലയങ്ങളിലടക്കം ഒരുമിച്ച് യാത്ര നടത്തിയ സുഭദ്രയും ശർമിളയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. സുഭദ്ര പലപ്പോഴും ശർമിളയുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സൂചന ലഭിച്ചു. ആഗസ്റ്റ് ഏഴിന് രാത്രി മൃതദേഹം കണ്ടെത്തിയ വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചു. പൊലീസ് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിനു മുന്നിൽ പുതിയ കുഴിയെടുത്തതായി കണ്ടെത്തി. തിങ്കളാഴ്ച സ്ഥലത്തെത്തിയ പൊലീസ് നായ് മണംപിടിച്ചാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞത്. ആദ്യം തലമുടിയും പിന്നീട് അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തി. മൃതദേഹത്തിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മുട്ടുവേദനക്ക് അമ്മ ഉപയോഗിച്ചിരുന്ന ബാൻഡ് കണ്ടാണ് മക്കളായ രാധാകൃഷ്ണനും രാജീവും മൃതദേഹം തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.