ആലപ്പുഴ: വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മണിപ്പാലിൽ നിന്ന് അറസ്റ്റിലായ ദമ്പതികളെ ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തിക്കും. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം. കൊലപാതകം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പുതിയ കേസെടുക്കും.
കൊച്ചി കടവന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സുഭദ്രയെ (73) ആണ് അതിക്രൂരമായി കൊലപ്പെടുത്തി കലവൂരിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസമാണ് വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ ദമ്പതികളെ കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കലവൂർ കോർത്തുശ്ശേരിയിൽ വാടകക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -35), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (38) എന്നിവരാണ് പൊലീസ് വലയിലായത്. ഫോൺ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മണിപ്പാലിൽ ട്രെയിൻ യാത്രക്കിടെ പ്രതികളെ പിടികൂടിയതെന്നാണ് വിവരം.
കാണാതാകുമ്പോൾ സുഭദ്ര ധരിച്ച സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലെയും സ്വകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് ഇടപാടിലെ വിവരങ്ങളാണ് നിർണായകമായത്. ഉഡുപ്പിയിലെ സി.സി.ടി.വി പരിശോധനയിലും ഇരുവരുടെയും ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഉഡുപ്പിയിൽ രണ്ട് സ്വർണവളകൾ പണയപ്പെടുത്തി കിട്ടിയ തുക ഗൂഗിൾപേ വഴിയാണ് മാത്യൂസിന്‍റെ അക്കൗണ്ടിലെത്തിയത്. ഇതിന്‍റെ വിശദാംശങ്ങൾ തേടി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് ഉറപ്പിച്ചത്.
ആഗസ്റ്റ് നാലിന് കാണാതായ സുഭദ്രയുടേത് അതിക്രൂര കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇരുവശത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നനിലയിലാണ്. കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. മരണശേഷം ഇടതുകൈ പിന്നിലേക്ക് വലിച്ച് ഒടിച്ചുവെന്നാണ് നിഗമനം. മർദനവും ചവിട്ടുമേറ്റ് നിറയെ ഒടിവും ചതവുമുണ്ട്. കൊലപാതകത്തിനുശേഷം മൃതദേഹം ഒളിപ്പിക്കാൻ നടത്തിയ ശ്രമത്തിനിടെ കൈ ഒടിയാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ആഭരണങ്ങൾ കവരുന്നതിന് ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.