കൊച്ചി: മലങ്കര ഓർത്തോഡോക്സ് സുറിയാനി പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സഭ ഭരണഘടനയിലെ 10, 11 വകുപ്പുകൾ മനുഷ്യെൻറ അന്തസ്സും മൗലിക അവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുൻവിധിയോടെയാണ് കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് ആത്മീയ സേവനങ്ങൾ ലഭിക്കണമെങ്കിൽ കുമ്പസാരിച്ചിരിക്കണമെന്ന് സഭാ ഭരണഘടനയിൽ പറയുന്നു. മറ്റു സഭകളിൽ നിർബന്ധിത കുമ്പസാരമില്ല. പാപം ചെയ്യുന്നവരാണ് ആ സഭകളിൽ കുമ്പസാരിക്കുന്നത്. മലങ്കര സഭയിൽ കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പുറമേ, ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ഉൾപ്പടെയുള്ളവരെയും ഹർജിയിൽ എതിർകക്ഷി ആക്കിയിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭാ അംഗങ്ങളും അൽമായ ഫോറം പ്രവർത്തകരുമായ മാത്യു .ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ്, അഭിഭാഷകൻ സനന്ദ് രാമകൃഷ്ണൻ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.