തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ടായ ആർ. വിനോയ് ചന്ദ്രൻ ഗയിൻ പി.എഫിന്‍റെ സംസ്ഥാന നോഡൽ ഓഫിസറാണ്.
സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയതായും അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. വിനോയ് ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്‍റെ പ്രതിഫലമായാണ് അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചത്. കോട്ടയം വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ എയ്ഡഡ് സ്കൂൾ അധ്യാപികയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്‍റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് നൽകുന്നത് അതത് ജില്ലകളിലെ ഗെയിൻ പി.എഫ് നോഡൽ ഓഫിസർമാരാണ്. അവരുടെ അധികാര പരിധിക്ക് പുറത്തുള്ള പോരായ്മകൾ സംസ്ഥാന നോഡൽ ഓഫിസറാണ് പരിഹരിക്കേണ്ടത്. ഈ ചുമതലയായിരുന്നു ആർ. വിനോയ് ചന്ദ്രന്.
പരാതിക്കാരിയായ അധ്യാപികയുടെ പ്രോവിഡന്‍റ് ഫണ്ടിലേക്ക് ശമ്പളത്തിൽനിന്ന് അടച്ച തുക ക്രെഡിറ്റ് കാർഡിൽ 2018 മുതൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതുമൂലം ഭവനവായ്പ എടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ ഗെയിൻ പി.എഫ് സംസ്ഥാന നോഡൽ ഓഫിസറായ വിനോയ് ചന്ദ്രന് ഇവർ അപേക്ഷ നൽകി. എന്നാൽ, വിനോയ് ഒരു മാസത്തോളം ഇത് തടഞ്ഞുവെച്ചതായി വിജിലൻസ് പറയുന്നു.
തീരുമാനം നീണ്ടതോടെ അധ്യാപിക ഫോണില്‍ വിനോയ് ചന്ദ്രനെ ബന്ധപ്പെട്ടു. എന്നാൽ, വാട്‌സ്ആപ്പിൽ വിഡിയോകോൾ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക വിസമ്മതിച്ചു. ഇതോടെ വിനോയ് ചന്ദ്രൻ ഫയൽ തീർപ്പാക്കാതെ തടഞ്ഞുവെച്ചു. വായ്പ തുക ലഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടതോടെ അധ്യാപിക വിനോയ് ചന്ദ്രനെ വീണ്ടും ഫോണിൽ വിളിച്ചു. കോട്ടയത്ത് ഹോട്ടലിൽ മുറി എടുക്കുമെന്നും വന്നാൽ ക്രെഡിറ്റ് കാർഡിലെ പോരായ്മകൾ ശരിയാക്കിത്തരാമെന്നും പറഞ്ഞു. ഇതോടെ അധ്യാപിക വിവരങ്ങൾ കാണിച്ച് കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന് പരാതി നൽകി.
ഇതിനിടെ, നിരന്തരം വാട്സ്ആപ്പിലൂടെ വിനോയ് ശല്യം ചെയ്യുകയായിരുന്നു. പലതവണ ലൈംഗിക ആവശ്യമുന്നയിച്ച് വിനോയ് തന്‍റെ സ്വകാര്യചിത്രങ്ങൾ അധ്യാപികയുടെ വാട്സ് ആപ്പിലേക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ഇതിനൊടുവിൽ പി.എഫിലെ തകരാർ പരിഹരിച്ചു. ഇതിനുശേഷം ഇവർക്ക് ഭവനവായ്പ ലഭിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 'ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും' വേണമെന്ന് പറയുകയും ശേഷം നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെ കോട്ടയത്തെ ഹോട്ടലിൽ വിനോയ് ചന്ദ്രൻ മുറി എടുക്കുകയും അധ്യാപികയോട് വ്യാഴാഴ്ച രാവിലെ 11ഓടെ റൂമിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ധരിച്ചിരിക്കുന്ന ഷർട്ട് മുഷിഞ്ഞുപോയതിനാൽ 44 സൈസിലുള്ള ഒരു പുതിയ ഷർട്ടുകൂടി വാങ്ങിക്കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ 11ഓടെ എത്തിയ അധ്യാപികയുടെ കൈയിൽ ഫിനോഫ്തലിൻ പുരട്ടിയ ഷർട്ട് വിജിലൻസ് നൽകി.
തുടർന്ന്, അധ്യാപിക വിനോയ് ചന്ദ്രൻ താമസിച്ച മുറിയിൽ പ്രവേശിച്ച് ഷർട്ട് കൈമാറി. അൽപസമയത്തിനകം തൊട്ടടുത്ത മുറികളിലും മറ്റും ഉണ്ടായിരുന്ന വിജിലൻസ് സംഘം വിനോയ് ചന്ദ്രനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.