തിരുവനന്തപുരം: ദീർഘ അവധിയെടുത്ത അധ്യാപകർ മധ്യവേനൽ അവധിക്കാലത്തെ ശമ്പളം ലക്ഷ്യമിട്ട് മാർച്ച് അവസാനം സർവിസിൽ തിരികെ പ്രവേശിക്കുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ്. ഇത് സംബന്ധിച്ച് നേരത്തെ പരിപത്രം ഇറക്കിയിരുന്നെങ്കിലും നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
ഇത്തരം അവധിയെടുക്കുന്ന അധ്യാപകരിൽനിന്ന് മധ്യവേനലവധിക്കാലയളവ് (ഏപ്രിൽ, മേയ്) കൂടി ചേർത്തുള്ള അവധി അപേക്ഷ വാങ്ങണമെന്ന് വിദ്യാഭ്യാസ ഒാഫിസർമാർക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ജോലി ചെയ്യാതെ രണ്ട് മാസത്തെ വേനലവധിക്കാലത്തെ ശമ്പളം മാത്രം വാങ്ങാനായി സർവിസിൽ എത്തുന്ന അധ്യാപകർ സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
മാർച്ച് അവസാനത്തിൽ ഇവർ തിരികെ പ്രവേശിക്കുന്നതുകൊണ്ട് കുട്ടികൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. പഠനാവശ്യത്തിനായി എടുക്കുന്ന അവധി, ഭർത്താവ്/ഭാര്യയുമായി ചേർന്ന് (വിദേശം/സ്വദേശം/മറ്റ് സംസ്ഥാനം) താമസിക്കുന്നതിനായി എടുക്കുന്ന അവധി, ചികിത്സ സംബന്ധമായി മെഡിക്കൽ സർട്ടിഫിക്കറ്റോടെ എടുക്കുന്ന അവധി എന്ന പക്ഷഭേദമില്ലാതെ അവധി കഴിഞ്ഞ് വരുന്ന അധ്യാപകരെ മാർച്ചിൽ ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.