കോഴിക്കോട്: പുനഃസംഘടനയുടെ മറവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെ.എസ്.ഇ.ബി) മൂന്നുവർഷത്തെ നിയമന നിരോധനം നിലനിൽക്കുമ്പോഴും പി.എസ്.സി റാങ്ക്ലിസ്റ്റ് നോക്കുകുത്തിയാക്കി താൽക്കാലിക നിയമനം തകൃതി. ആശ്രിത, സ്പോർട്സ് ക്വോട്ട നിയമനവും ബൈട്രാൻസ്ഫർ നിയമനവും തുടരുകയാണ്. ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽനിന്ന് സീനിയർ അസിസ്റ്റന്റായുള്ള പ്രമോഷനും മുടക്കമില്ലാതെ നടക്കുന്നു.
ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽ ഏറ്റവും അവസാനം 60 പുതിയ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2017 സെപ്റ്റംബർ 18നാണ്. ഇതിനുശേഷം വന്ന റാങ്ക്ലിസ്റ്റുകളിൽനിന്ന് നിയമനമൊന്നും നടന്നിട്ടില്ല. വിവരാവകാശ മറുപടി പ്രകാരം പല സെക്ഷനുകളിലും ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ തസ്തികയിൽ ജോലി ചെയ്യുന്നത് സീനിയർ അസിസ്റ്റന്റുമാരോ വർക്ക് അറേഞ്ച്മെൻറ് വ്യവസ്ഥയിൽ ഓഫിസ് അറ്റൻഡൻഡോ ലൈൻമാനോ ആണ്. ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിൽനിന്ന് സീനിയർ അസിസ്റ്റന്റുമാരായി കഴിഞ്ഞ നാല് വർഷത്തിനിടെ 685 പേർക്ക് സ്ഥാനക്കയറ്റം നൽകി.
കേരള പി.എസ്.സിയുടെ സ്യൂട്ടബിലിറ്റി ടെസ്റ്റ് ഇല്ലാതെ ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിനായി 10 ശതമാനം ക്വോട്ടയും മാറ്റിവെച്ചിട്ടുണ്ട്. ഇതുപ്രകാരം 2021 ഫെബ്രുവരിയിൽ 76 ഓളം കാഷ്യർ തസ്തിക സൃഷ്ടിച്ചു. വീണ്ടും പുതിയ നിയമനത്തിനായി വിജ്ഞാപനം ഇറക്കി. എന്നാൽ, ഇതിന് ആനുപാതികമായി കേരള പി.എസ്.സിയുടെ കമ്പനി-കോർപറേഷൻ ജൂനിയർ അസിസ്റ്റൻറ് റാങ്ക്ലിസ്റ്റിൽനിന്ന് കഴിഞ്ഞ ആറു വർഷമായി നിയമനം നടന്നിട്ടില്ല.
ഏറ്റവും ജോലി ഭാരമുള്ള സീനിയർ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലും ആളുകൾ തുടരുന്നു. ഈ തസ്തികയുടെ ഏക ഫീഡർ കാറ്റഗറി കാഷ്യർ/ജൂനിയർ അസിസ്റ്റന്റ് ആണ്. പ്രമോഷൻ തസ്തികയേക്കാൾ കൂടുതൽ ഫീഡർ തസ്തിക ഉണ്ടാകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ആകെയുള്ള 778 സെക്ഷൻ ഓഫിസുകളിൽ മിനിസ്റ്റീരിയൽ ജോലി നടക്കണമെങ്കിൽ കാഷ്യർ/ജൂനിയർ അസിസ്റ്റന്റ് തസ്തിക വേണം. എന്നാൽ, മിക്കയിടത്തും ഇപ്പോഴുത് ഓഫിസ് അറ്റൻഡൻഡും ലൈൻമാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.