തിരുവനന്തപുരം: പട്ടാമ്പി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാകാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് മത്സരിക്കുന്ന 92ല്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം നിലനിന്ന കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
പി.സി. വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി. സിദ്ദീഖ് കല്‍പറ്റയിലും ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി.വി. പ്രകാശ് നിലമ്പൂരിലും കല്ലട രമേശ് കുണ്ടറയിലും മത്സരിക്കുമെന്നായിരുന്നു ഏകദേശ ധാരണ.
പക്ഷെ, പട്ടാമ്പിയില്‍ മത്സരിക്കാന്‍ താൽപ്പര്യമില്ലെന്നാണ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ മകനും നിലമ്പൂർ നഗരസഭ മുൻ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിന്‍റെ നിലപാട്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് നിലപാടെടുത്തതോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.