തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്) നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം മറച്ചുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
ജനങ്ങളെ വിഡ്ഢികളാക്കുന്ന അവസരവാദ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ശക്തമായ എതിര്‍പ്പും പ്രതിഷേധവും തിരിച്ചറിഞ്ഞാണ് സി.പി.എമ്മും സര്‍ക്കാരും എല്‍.ഡി.എഫും ഇപ്പോള്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. കുറ്റസമ്മതം പോലുള്ള വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണവും സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുന്ന നടപടിയും വിചിത്രമാണ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ഒട്ടും ആത്മാർഥയില്ലാത്തതും കപടവുമാണെന്നും സുധാകരന്‍ പറഞ്ഞു.
വനവിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ വന്യമൃഗശല്യം ഇപ്പോള്‍ തന്നെ വലിയ ഒരു ജീവല്‍പ്രശ്‌നമായി മാറിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വനനിയമങ്ങള്‍ വ്യാപിപ്പിക്കുന്നത് കര്‍ഷകരെയും ഇവിടെങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജീവനോപാധിയും സുരക്ഷയും നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. മലയോര കര്‍ഷകരുടെ നിരാശയും ആശങ്കയും അകറ്റുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരുകളുടെ നിസംഗ നിലപാടുകളാണ് മലയോരമേഖല വാസികളുടെ ഇന്നത്തെ ദുരിതങ്ങള്‍ക്ക് കാരണം.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ബഫര്‍ സോണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയില്‍ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സര്‍ക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
സംരക്ഷിത വനാതിര്‍ത്തിയിൽ നിന്ന് ഒരു കിലോമീറ്റര്‍ പരിധി വരെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശ പ്രകാരവും സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാന പ്രകാരവും നാലു ലക്ഷത്തോളം ഏക്കര്‍ ഭൂമി ഇതിന്റെ പരിധിയില്‍ വരുകയും ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയും ചെയ്യും. ഈ മേഖലയിലെ ജനങ്ങളുടെ ആശങ്കക്കും ദുരിതത്തിനും പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനവാസ മേഖലയെയും കൃഷി സ്ഥലങ്ങളെയും പൂര്‍ണമായി ഒഴിവാക്കികൊണ്ടുള്ളതായിരിക്കണം കേരളത്തിന്റെ ഇഎസ്‌സെഡെന്നും അത് മുന്‍നിര്‍ത്തിയുള്ള തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.