കിട്ടാക്കടം 20 ലക്ഷത്തിൽ താഴെയാണെങ്കിലും റവന്യൂ റിക്കവറിയാകാമെന്ന്​ ഹൈകോടതി

കൊച്ചി: കിട്ടാക്കടം 20 ലക്ഷം രൂപയിൽ താഴെയാണെങ്കിലും റവന്യൂ റിക്കവറി നിയമപ്രകാരം ബാങ്കുകൾക്ക്​ നടപടിയെടുക്കാമെന്ന്​ ഹൈകോടതി. 20 ലക്ഷത്തിൽ താഴെയുള്ള കേസുകൾക്ക് 1993ലെ റിക്കവറി ഓഫ് ഡെപ്റ്റ് ആൻഡ്​ ബാങ്കറപ്സി ആക്ട് പ്രകാരമുള്ള നടപടി ബാധകമല്ലെന്ന് വിലയിരുത്തിയാണ് 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരമുള്ള നടപടികളാകാമെന്ന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്​.

10 ലക്ഷം രൂപയിലധികമുള്ള കിട്ടാക്കടത്തിന്റെ കാര്യത്തിൽ റവന്യൂ റിക്കവറി നടപടി തടഞ്ഞ് തൃശൂർ കലക്ടർ പുറപ്പെടുവിച്ച സർക്കുലർ കോടതി റദ്ദാക്കി. കലക്​ട​റുടെ നടപടിക്കെതിരെ ഫെഡറൽ ബാങ്ക്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

1993ലെ നിയമപ്രകാരം കേന്ദ്ര സർക്കാർ 2018 സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം രാജസ്ഥാൻ ഹൈകോടതി സ്​റ്റേ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ 2019 ജൂൺ 28ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ്​ ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടറുടെ സർക്കുലർ. എന്നാൽ, രാജസ്ഥാൻ ഹൈകോടതിയുടെ സ്റ്റേ പിന്നീട് ഡിവിഷൻബെഞ്ച് നീക്കുകയും വിജ്ഞാപനം ശരിവെക്കുകയും ചെയ്തിരുന്നതായി ഫെഡറൽ ബാങ്ക്​ ചൂണ്ടിക്കാട്ടി. അതിനാൽ, കേരള ഹൈകോടതി ഉത്തരവ്​ ഇക്കാര്യത്തിൽ ബാധകമല്ല. 2018 സെപ്റ്റംബറിലെ വിജ്ഞാപനപ്രകാരം ഡെപ്റ്റ് റിക്കവറി ട്രൈബ്യൂണൽ പരിഗണിക്കേണ്ടത് 20 ലക്ഷത്തിലധികമുള്ള കിട്ടാക്കടം ഈടാക്കുന്നതിനുള്ള അപേക്ഷകളാണ്. നിയമത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയായിരുന്നു കലക്ടറുടെ സർക്കുലറെന്നും ഹരജിക്കാർ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്.

Tags:    
News Summary - The High Court said that even if the bad debt is less than 20 lakhs, the revenue can be recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.