തിരുവനന്തപുരം: വയോധികനായ രോഗി 42 മണിക്കൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജൂലൈ 13ന് ഉച്ചക്ക് 12ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ചത് ശരിയായില്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമീഷൻ നിരീക്ഷിച്ചു. രോഗിയെ ലിഫ്റ്റിൽനിന്ന് ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർറിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്നും ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. രവിന്ദ്രൻ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 14ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്ന് ലിഫ്റ്റ് ഓപറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലൈ 13ന് ആശുപത്രി അസ്ഥിരോഗവിഭാഗത്തിൽ പരിശോധനഫലം ഡോക്ടറെ കാണിക്കാനെത്തിയപ്പോഴാണ് രവീന്ദ്രൻ നായർ (59) ലിഫ്റ്റിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലടി മുകളിലേക്ക് കയറുമ്പോൾ ലിഫ്റ്റ് നിന്നതിനെത്തുടർന്ന് രോഗി അലാറം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും സൂപ്രണ്ട് പറയുന്നു.
ലിഫ്റ്റിന്റെ വാതിലുകൾക്കിടയിലൂടെയുള്ള ഭാഗത്തുനിന്ന് വെളിച്ചവും ഓക്സിജനും കിട്ടിയതുകൊണ്ട് രോഗി അബോധാവസ്ഥയിലേക്ക് പോയില്ല. എന്നാൽ രോഗിക്ക് പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം വന്നുചേർന്നു. പ്രാഥമികാവശ്യങ്ങൾ പോലും ലിഫ്റ്റിൽ തന്നെ നടത്തിയ നിലയിലാണ് രോഗിയെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒ.പി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മുരുകൻ, കെ.എസ്. ആദർശ്, മേൽനോട്ട ചുമതലയുള്ള ഡ്യൂട്ടി സാർജന്റ് രജീഷ് എന്നിവരെ തൽക്കാലം സർവിസിൽ നിന്ന് മാറ്റി നിർത്തി വിശദമായ അന്വേഷണത്തിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടിണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക്കൽ വിങ് എ.ഇ, എസ്റ്റേറ്റ് ഒാഫിസർ, നഴ്സിങ് ഒാഫിസർ, ഒമേഗ എലിവേറ്റേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പ്രിൻസിപ്പൽതലത്തിൽ യോഗം കൂടാനും വിശദമായ തുടരന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.