തിരുവനന്തപുരം: ഫലസ്തീൻ ജനത നടത്തുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും ആ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന്‍റെ പേരിൽ അച്ചടക്കസമിതി മുമ്പാകെ വിശദീകരണം നൽകാനെത്തിയതായിരുന്നു ഷൗക്കത്ത്.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നത് കോൺഗ്രസിന്‍റെ കൂടി ഉത്തരവാദിത്തമാണ്. അതാണ് ഞാൻ നിർവഹിച്ചത്. എന്‍റെ നിലപാടിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അകറ്റുകയെന്നതാണ് ഉദ്ദേശ്യം. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. അവസാനമായി കോൺഗ്രസ് പതാക പുതപ്പിക്കണമെന്നാണ് പിതാവ് ആശുപത്രിയിലായപ്പോൾ പറഞ്ഞത്. അതുതന്നെയാണ് എന്‍റെയും ആഗ്രഹം.
1938ൽ സുഭാഷ് ചന്ദ്രബോസ് എ.ഐ.സി.സി പ്രസിഡന്‍റായിരുന്നപ്പോൾ ഫലസ്തീൻ രാജ്യത്തിന് വേണ്ടി പ്രമേയം അവതരിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. ജൂതരാഷ്ട്രം ഉണ്ടാക്കുകയും അത് മതരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. അത് നരകത്തിലേക്ക് തുറക്കുന്ന വാതിലായിരിക്കുമെന്ന് അന്ന് ലോകത്തോട് യു.എന്നിലടക്കം കോൺഗ്രസ് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഷൗക്കത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.