മലപ്പുറം: ജില്ലയിൽ വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. 2023 ഏപ്രിൽ മുതൽ ജൂലൈ വരെ 88 പേരാണ് വീട്ടിൽ പ്രസവിച്ചതെന്ന് ജില്ല ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ജില്ലയിൽ 267 വീട്ടുപ്രസവങ്ങളാണ് നടന്നത്. പ്രസവശേഷം ഭർത്താവോ വീട്ടിലുള്ളവരോ ബ്ലേഡ് കൊണ്ട് പൊക്കിൾകൊടി വേർപെടുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
അടുത്തകാലങ്ങളിലായി വീട്ടിൽ പ്രസവിക്കുന്ന പ്രവണത ഏറിവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നു. 2022-‘23 വർഷത്തിൽ ജില്ലയിൽ 267 പ്രസവങ്ങളാണ് വീട്ടിൽ നടന്നതായി കണ്ടെത്തിയത്. 2019-‘20 വർഷത്തിൽ 199 കേസും 2020-‘21ൽ 257 കേസും 2021 -‘22ൽ 273 കേസുമാണ് റിപ്പോർട്ട് ചെയ്തത്.
2022-‘23 കാലത്ത് വളവന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നത് -63 കേസുകൾ. ഏറ്റവും കുറവ് തവനൂരിലാണ് -അഞ്ച്. മുഖ്യധാര കുടുംബങ്ങളിലാണ് ഈ പ്രവണത കൂടുതൽ ഉള്ളതെന്നാണ് കണ്ടെത്തൽ.വീടുകളിൽ പ്രസവം നടത്തുന്നത് അതിസാഹസികമാണെന്നും അമ്മക്കും കുഞ്ഞിനും അപകടമുണ്ടാവാനിടയുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മറുപിള്ള മുഴുവൻ പോയിട്ടില്ലെങ്കിൽ രക്തസ്രാവമുണ്ടാവും. അത് നിശ്ചിത സമയത്തിനകം നിയന്ത്രിക്കാനായില്ലെങ്കിൽ അപകടകരമാണ്. രക്തം ആവശ്യമുണ്ടെങ്കിൽ കൊടുക്കാനുമാവില്ല.വലിയ കുഞ്ഞാണെങ്കിൽ സാധാരണ പ്രസവം നടക്കില്ല. അണുബാധക്കുള്ള സാധ്യതയുമുണ്ട്. ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.