തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് മന്ത്രി കെ രാജൻ. റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രരായ മുഴുവന്‍ പേരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2025 നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയിടുന്നത്.
ഈ സാഹചര്യത്തില്‍ അതി ദരിദ്രരില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് മാസത്തിനകം പട്ടയം നൽകണം. അയ്യായിരത്തോളം പേരാണ് അതിദാരിദ്ര്യരുടെ പട്ടികയിൽ പട്ടയം ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
അപേക്ഷ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും നിയമവും സാധാരണക്കാർക്ക് അനുകൂലമായി വായിക്കാൻ ശ്രമിക്കണം. ഇതോടൊപ്പം ലാൻഡ് ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ് തീർപ്പാക്കണമെന്നും ലാൻഡ് അസൈൻമെന്റ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹാരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
31 ന് എറണാകുളത്ത് നടക്കുന്ന കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട് നടക്കുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നിവയുടെ വടക്കൻ മേഖലാ യോഗവും പൂർത്തിയായാൽ കലക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചു കൂട്ടി നടപടികൾ വിശദീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ഭൂമി തരംമാറ്റം ചെയ്തു കൊടുക്കും എന്ന് ബോർഡും ബാനറും വച്ച് നിയമത്തെ വെല്ലുവിളിക്കുന്ന ഇടനിലക്കാർ ഇപ്പോഴും ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. കർശനമായ പരിശോധന നടത്തി ഇത്തരക്കാർക്കെതിരെ നടപടി എടുക്കണം എന്ന് മന്ത്രി നിർദേശം നൽകി. പുറമ്പോക്ക്, വനഭൂമി പട്ടയങ്ങളുടെ വിതരണം, ഡിജിറ്റൽ റീ സർവേ പ്രകാരമുള്ള അധിക ഭൂമിയുടെ നികുതി സ്വീകരിക്കൽ, വില്ലേജ് ഓഫീസുകളുടെ ശാക്തീകരണം എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമീഷണർ ഡോ. എ കൗശികൻ എന്നിവർ വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട വിവിധ വിഷയങ്ങളെ കുറിച്ച് പൊതു വിവരണം നൽകി. വില്ലേജുകളുടെ പ്രവർത്തനം എല്ലാ മാസവും ചാർജ് ഓഫീസർമാർ വിലയിരുത്തണം. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വില്ലേജ് തല ജനകീയ സമിതികൾ ചേരുന്നുണ്ടോ എന്നും പരിശോധിക്കണം എന്ന് ലാൻഡ് റവന്യൂ കമീഷണർ നിർദേശിച്ചു. ഡിജിറ്റൽ റീ സർവേ സംബന്ധിച്ച് സർവേ ഡയറക്ടർ സാംബശിവ റാവു വിവരിച്ചു.
തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ കലക്ടര്‍മാർ, ഡെപ്യൂട്ടി കലക്ടര്‍മാർ, തഹസില്‍ദാര്‍മാർ, എല്‍.ആര്‍ തഹസില്‍ദാര്‍മാർ, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍, സർവേ സൂപ്രണ്ട്, ജോയിൻറ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.