പത്തനംതിട്ട: രാജ്യസേവനത്തിനിടെ ജീവൻ െവടിഞ്ഞ കുടുംബാംഗത്തെ അവസാനമായി കാണാനുള്ള കാത്തിരിപ്പിലാണ് തോമസ് ചെറിയാന്റെ സഹോദരങ്ങള്‍ അടക്കം ബന്ധുക്കൾ. 56 വര്‍ഷം മുമ്പുണ്ടായ അപകടത്തിന് ശേഷം മൃതദേഹം കണ്ടെത്തിയതായ വിവരം എല്ലാവരും വലിയ ആശ്വാസത്തോടെയാണ് കേട്ടത്. സൈനിക വിമാനം തകര്‍ന്ന് മറ്റ് 101 പേർക്കൊപ്പം കാണാതായ പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ വിവരം തിങ്കളാഴ്ചയാണ് സൈന്യം ആറന്മുള പൊലീസ് വഴി ഇലന്തൂരിലെ ബന്ധുക്കളെ അറിയിച്ചത്. ലെഫ്റ്റനന്റ് അജയ് ചൗഹാൻ ആറന്മുള പൊലീസ് സ്റ്റേഷനില്‍ അറിയിച്ച വിവരം സ്റ്റേഷൻ ഓഫിസർ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
തോമസ് ചെറിയാന് മരിക്കുമ്പോൾ പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ വിലാസം കൊല്ലം ജില്ല വെച്ചാണ്. 18ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന തോമസ് ചെറിയാൻ ഇ.എം.എ കോര്‍പ്സിലെ സി.എഫ്.എന്‍ ആയിരിക്കുമ്പോഴാണ് മരിക്കുന്നത്.
പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളില്‍നിന്ന് എസ്.എസ്.എൽ.സിയും കോളജില്‍നിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് ചെറിയാന് (പൊന്നച്ചന്) സൈനിക സേവനത്തിന്റെ ഭാഗമായി പോകുമ്പോൾ വിമാനം റഡാറുകളില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ജ്യേഷ്ഠൻ തോമസ് മാത്യുവിന്റെ പാത പിന്തുടര്ന്നാണ് തോമസ് ചെറിയാനും സൈനിക സേവനത്തിനിറങ്ങിയത്. സഹോദരന് അപകടത്തില്പെട്ടതിനെത്തുടര്ന്ന് തോമസ് മാത്യു വിരമിച്ചു. പിതാവ് ഒ.എം. തോമസ് 1990ല്‍ മരിച്ചു. മരിക്കുന്നതുവരെ മകനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് അദ്ദേഹം സൈന്യവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. തോമസ് ചെറിയാന്റെ പെന്ഷന് കുടുംബത്തിന് നല്‍കിയിരുന്നു. 1998ല്‍ മാതാവ് ഏലിയാമ്മ മരിക്കുന്നതുവരെ അത് തുടര്‍ന്നു. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. തോമസ് ചെറിയാൻ ജനിച്ചുവളർന്ന കുടുംബവീട് കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചു. സഹോദരങ്ങളെല്ലാം അടുത്തടുത്ത വീടുകളിൽ തന്നെയാണ് താമസം.
ഭൗതികശരീരം പരേതനായ സഹോദരൻ തോമസ് മാത്യുവിന്റെ വീട്ടിലായിരിക്കും എത്തിക്കുക. ഇദ്ദേഹത്തിന്റെ മകൻ ഷൈൻ ആണ് ഇവിടെ താമസം. ചണ്ഡീഗഡിൽ എത്തിച്ച് എംബാം ചെയ്തശേഷം ശനിയാഴ്ചയോടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്നാണ് കരുതുന്നത്. സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലാകും സംസ്കാരമെന്ന് ബന്ധുക്കൾ പറഞ്ഞു.
രാജപ്പനെക്കുറിച്ചും പ്രതീക്ഷ
ചങ്ങനാശ്ശേരി: ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനാപകടത്തിൽ കാണാതായ നാലുപേരുടെ മൃതദേഹം 56 വർഷങ്ങൾക്കുശേഷം കണ്ടെത്തിയെന്ന വാർത്തയെത്തുമ്പോൾ ഇത്തിത്താനം കപ്പപ്പറമ്പിൽ വീട്ടിലും പ്രതീക്ഷയുടെ മഞ്ഞിരമ്പം. റോത്തങ്ങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പനെയും കാണാതായിരുന്നു. നാലുപേരുടെ മൃതദേഹം ലഭിച്ചതോടെ സഹോദരനെക്കുറിച്ചും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിയൻ മണിയപ്പനും സഹോദരിമാരും കുടുംബവും. ഇത്തിത്താനത്തെ കുടുംബവീട്ടിൽ രാജപ്പന്റെ ഏറ്റവും ഇളയ സഹോദരൻ മണിയപ്പനും ഭാര്യ രത്നമ്മയും മക്കളുമാണുള്ളത്.
കപ്പപ്പറമ്പിൽ ലക്ഷ്മി-കുട്ടൻ ദമ്പതികളുടെ മകനായിരുന്നു രാജപ്പൻ. ഏറ്റവും മൂത്ത ജ്യേഷ്ഠൻ നാരായണനും സഹോദരിമാരായ ഭാരതിയും സരളയും മരണപ്പെട്ടു. സുമതി, പ്രഭാമണി എന്നീ സഹോദരിമാരും മണിയപ്പനുമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.
മകനെ കാത്ത് വയലത്തലയിലെ കുടംബം
റാന്നി: എന്നെങ്കിലും മകനെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റാന്നി വയലത്തലയിലെ സൈനികനായ ഇ.എം തോമസിന്റെ കുടുംബം. 1968 ഫെബ്രുവരി ഏഴിന് ലഡാക്കിലുണ്ടായ വിമാനാപകടത്തിലാണ് വയലത്തല ഈട്ടിക്കാലായിൽ പരേതരായ ഇ.ടി. മാത്യുവിന്റെയും സാറാമ്മയുടെയും മകനായ തോമസ് മരണപ്പെട്ടത്. തോമസിനൊപ്പം 101 പേരും മരണപ്പെട്ടു. കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയ ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം 56 വർഷത്തിനുശേഷം കണ്ടെത്തിയതോടെ തോമസിന്റെ കുടുംബവും പ്രതീക്ഷയിലാണ്. തോമസിന്റെ അകന്ന ബന്ധുകൂടിയാണ് തോമസ് ചെറിയാൻ.
കടമ്മനിട്ട ഗവ. സ്കൂളിലാണ് തോമസ് പഠിച്ചിരുന്നത്. 21 വയസ്സായിരുന്നു. പട്ടാളത്തിൽ ക്ലർക്കായിട്ടായിരുന്നു ജോലി. യു.എസിലുള്ള മോളി വർഗീസ്, ബാബു മാത്യു എന്നിവർ സഹോദരങ്ങളാണ്. തോമസിനു വേണ്ടിയും തിരച്ചിൽ തുടരുന്നുണ്ട്. വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.