തൃശൂർ: കോർപറേഷനിൽ തുടർഭരണത്തിന് കോൺഗ്രസ് വിമതനെ കൂടെക്കൂട്ടാനുള്ള എൽ.ഡി.എഫ് നീക്കത്തിൽ അനിശ്ചിതത്വം. മേയർ പദവിയിൽ നൽകുന്ന കാലയളവ് സംബന്ധിച്ച് കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് വിലപേശൽ ശക്തമാക്കിയിരിക്കുകയാണ്. അഞ്ചുവർഷവും മേയറാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട വർഗീസ് പിന്നീട് രണ്ടുവർഷമെന്ന ധാരണയിലെത്തിയെങ്കിലും കഴിഞ്ഞദിവസം വീണ്ടും മാറ്റി. ആദ്യ മൂന്നുവർഷം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
ശനിയാഴ്ച ചേർന്ന സി.പി.എം അവൈലബിൾ ജില്ല കമ്മിറ്റി വർഗീസിെൻറ നിലപാട് ചർച്ച ചെയ്തു. ആദ്യതവണ പദവി വിട്ടുകൊടുക്കുന്നതിൽ എതിർപ്പുയർന്നു. ഒരുതവണ കൂടി ചർച്ച നടത്താൻ തീരുമാനിച്ചു. ഇല്ലെങ്കിൽ നറുക്കെടുപ്പിലേക്ക് കടക്കട്ടെയെന്നും ഭരണം ലഭിക്കുന്നെങ്കിൽ മതിയെന്നുമാണ് ഒരുവിഭാഗം അറിയിച്ചത്. പുല്ലഴി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയാൽ വിമതനെ കൂടെക്കൂട്ടിയെന്ന ആക്ഷേപം ഒഴിവാക്കാമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. എന്നാൽ, തുടർഭരണ സാധ്യത ഇല്ലാതാക്കുന്നത് ശരിയല്ലെന്നും സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നുമാണ് ഒരു വിഭാഗത്തിെൻറ നിലപാട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചർച്ച കൂടി നടത്തുന്നത്.
ഞായറാഴ്ച മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ഇടത് നേതൃത്വം അറിയിച്ചിട്ടുണ്ട്. സി.പി.എം-സി.പി.ഐ ചർച്ച പൂർത്തിയായി. ഡെപ്യൂട്ടി മേയർ പദവി സി.പി.ഐക്കാണ്. മുതിർന്ന അംഗം സാറാമ്മ റോബ്സൺ, ബീന മുരളി എന്നിവരാണ് പരിഗണനയിലുള്ളത്. സാറാമ്മ റോബ്സനെയാണ് നിലവിൽ ധാരണയായിട്ടുള്ളത്.
എന്നാൽ, ഒരുവർഷം സി.പി.ഐക്ക് മേയർ പദവി ലഭിക്കുമെന്നതിനാൽ ഈ പദവി സാറാമ്മക്ക് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. അങ്ങനെയെങ്കിൽ ബീന മുരളിക്ക് തന്നെ വീണ്ടും ഡെപ്യൂട്ടി മേയർ പദവി ലഭിക്കും. എന്നാൽ, ചേറൂരിൽനിന്നും വിജയിച്ച ഐ. സതീഷ്കുമാറിനെയാണ് മേയർ പദവിയിലേക്ക് പരിഗണിക്കുന്നതെങ്കിൽ സാറാമ്മയെ തന്നെ ആദ്യതവണ ഡെപ്യൂട്ടി മേയർ ആക്കാമെന്നും സി.പി.ഐയിൽ ധാരണയുണ്ട്. ഞായറാഴ്ച ചേരുന്ന ജില്ല കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.