തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച വിവാദം വീണ്ടും ശക്തിയാര്‍ജിക്കുന്നു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. മുഖ്യമന്ത്രിക്കെതിരെ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും സി.പി.ഐ-കോണ്‍ഗ്രസ് പാർട്ടികളും ശക്തമായി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്ന നിലപാടാണ് ഇരു ദേവസ്വങ്ങളും സ്വീകരിച്ചത്. ‘പൂരം കലങ്ങി’ എന്ന പ്രയോഗത്തോട് യോജിക്കാനാവില്ലെന്ന് പാറമേക്കാവ് ദേവസ്വം അഭിപ്രായപ്പെട്ടു. പൂരത്തിന് എത്തുന്ന ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരം എന്താണെന്ന് മനസ്സിലാക്കിയാലേ തടസ്സമുണ്ടായോ, ഇല്ലയോ എന്ന് അറിയാന്‍ കഴിയൂവെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണ് പൂരത്തിനുള്ളതെന്നും ഇത്തവണ പുലർച്ച മുതല്‍ പല രീതിയില്‍ തടസ്സങ്ങളുണ്ടായെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ തള്ളി ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാറും രംഗത്തുവന്നു. പൂരം കലങ്ങിയതല്ല, കലക്കിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ആര്.എസ്.എസിന്റെ ഗൂഢാലോചനയുണ്ടായി. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പൂരം കലങ്ങിയെന്നത് വ്യക്തമാണെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി എ.ഡി.ജി.പി എം.ആര്. അജിത്കുമാറാണ് പൂരം കലക്കിയത്. അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടത് പൂരം കലങ്ങിയെന്നത് വ്യക്തമാക്കുന്നതാണ്. നിയമസഭയില്‍ പൂരം കലങ്ങിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എങ്ങനെയാണ് മാറ്റിപ്പറയുന്നതെന്നും മുരളീധരന് ചോദിച്ചു.
കുറ്റവാളികളെ രക്ഷിക്കാനും ബി.ജെ.പിയുമായുള്ള ഡീല്‍ പുറത്തുവരാതിരിക്കാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന് പ്രസക്തിയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. പൂരം കലങ്ങിയ വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു. അതിനാല്‍ ത്രിതല അന്വേഷണം സുഗമമായി നടക്കില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അൽപം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.