തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സി.ഐ.ടി.യു നേതാവിനെതിരെയും കേസ്. ഇന്ത്യൻ കോഫിഹൗസിലെ സി.പി.എം തൊഴിലാളി സംഘടനയുടെ ജില്ല സെക്രട്ടറി അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ടൈറ്റാനിയം തട്ടിപ്പിലെ രാഷ്ട്രീയ ഇടപെടലും പുറത്തുവരുകയാണ്.
പ്രധാന പ്രതി ദിവ്യ നായർക്കൊപ്പം അനിലും തട്ടിപ്പിൽ ഇടനിലക്കാരനായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അനിലിന്റെ സാന്നിധ്യത്തില്‍ 10ലക്ഷം രൂപ ദിവ്യക്ക് കൈമാറിയെന്നാണ് പരാതിക്കാരനായ ഉദ്യോഗാർഥിയുടെ മൊഴി. കോഫിഹൗസില്‍ ജോലി ചെയ്യുന്ന ബന്ധുവഴിയാണ് ജീവനക്കാരനും തൊഴിലാളി യൂനിയന്‍ നേതാവുമായ അനിലിനെ സമീപിച്ചതത്രെ. ടൈറ്റാനിയത്തില്‍ അപേക്ഷിച്ചാല്‍ മാത്രം പോരാ, പണം കൊടുത്താലേ ജോലി കിട്ടൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അനില്‍ ഉദ്യോഗാർഥിയുമായി ദിവ്യ നായരുടെ ജേക്കബ്സ് ജങ്ഷനിലെ വീട്ടിലെത്തി. അവിടെ വെച്ച് രണ്ടുതവണയായാണ് 10 ലക്ഷം നൽകിയത്. പണം കൈമാറിയശേഷം ഹാള്‍ ടിക്കറ്റ് വന്നോയെന്ന് ദിവ്യ അന്വേഷിച്ച് കൊണ്ടേയിരുന്നു. വൈകാതെ ഹാള്‍ ടിക്കറ്റ് കിട്ടി. എന്നാൽ, പണം കൊടുത്തതുകൊണ്ട് പരീക്ഷ എഴുതേണ്ടെന്നും ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്നും ദിവ്യ പറഞ്ഞു. ഇതുസംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കോവിഡ് സമയമായതിനാല്‍ ലീഗല്‍ ഡി.ജി.എം ശശികുമാരന് തമ്പി മറ്റൊരു പ്രതി ശ്യാംലാലിന്റെ ഫോണിൽ വിഡിയോ കാള്‍ വഴിയാണ് ഇന്റര്‍വ്യൂ ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായെന്ന് ബോധ്യപ്പെടുകയായിരുന്നെന്നാണ് പരാതിക്കാരൻ പറയുന്നത്.
കോഫി ഹൗസില്‍ അനില്‍ വഴി നിരവധി പേർ തട്ടിപ്പിനിരയായെന്ന ആക്ഷേപമാണ് ഉയരുന്നത്. കോഫിഹൗസില്തന്നെ ഒന്നിച്ച് ജോലി ചെയ്യുന്ന വേറെയും തൊഴിലാളികളെ അനില്‍ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫോണില്‍ ആരോടും സംസാരിക്കാതെ നേരിട്ടായിരുന്നു അനിലിന്റെ ഇടപാടുകൾ. ദിവ്യ നായരെ പണവുംകൊണ്ട് കാണാന്‍ പോകുന്നവരുടെയെല്ലാം ഒപ്പം അനിലും ഉണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം: ടൈറ്റാനിയം തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ അനിൽ മണക്കാടിനെ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂനിയൻ (ഐ.സി.എച്ച്.ഇ.യു (സി.ഐ.ടി.യു) ൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂനിയന്റെ അറിവോടുകൂടിയായിരുന്നില്ല അനിലിന്റെ ഇടപെടലുകളെന്ന് സംഘടന അറിയിച്ചു.
സി.ഐ.ടി.യുവിന്റെ സംസ്ഥാന, ജില്ല ഘടകങ്ങളുമായി ആലോചിക്കാതെ ഏതാനും കോഫി ഹൗസ് ജീവനക്കാരെയും പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്തി അനിൽ രൂപവത്കരിച്ച ഇന്ത്യൻ കോഫിഹൗസ് വർക്കേഴ്സ് റിട്ടയേഴ്സ് ആൻഡ് ഫാമിലി മെംബേഴ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുമായി സി.ഐ.ടി.യുവിനോ സി.പിഎമ്മിനോ ബന്ധമില്ല. സൊസൈറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് അനിലിനെതിരെ നടപടി സ്വീകരിക്കും. ഐ.സി.എച്ച്.ഇ.യു (സി.ഐ.ടി.യു) അംഗങ്ങളായ സൊസൈറ്റി അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്തതായി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. രാജേഷ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.