വടകര: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അറുകൊലക്ക് ഇന്നേക്ക് 11വർഷം. വ്യാഴാഴ്ച ടി.പി. ചന്ദ്രശേഖരന്റെ ഓർമ പുതുക്കുകയാണ് ഒഞ്ചിയം. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ വള്ളിക്കാട് വെച്ച് വധിക്കപ്പെട്ടത്.
ഇടത് ബദൽ ശക്തിപ്പെടുത്താൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 2008 ലാണ് ആർ.എം.പി രൂപവത്കരിച്ചത്. പിന്നീട് ആർ.എം.പി ദേശീയ അടിസ്ഥാനത്തിൽ ആർ.എം.പി.ഐ ആയി. ടി.പിയുടെ ഓർമ പുതുക്കുമ്പോൾ ആർ.എം.പി.ഐയിലൂടെ ടി.പിയുടെ സഹധർമിണി കെ.കെ. രമ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമാണെങ്കിലും ആർ.എം.പി ഉയർത്തുന്ന രാഷ്ട്രീയം രമയിലൂടെയാണ് കേരളം ചർച്ച ചെയ്യുന്നത്.
ഓർമ പുതുക്കലിന്റെ ഭാഗമായി ഒഞ്ചിയം ഏരിയയിലെ നൂറു പാർട്ടി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടക്കും. രാവിലെ വള്ളിക്കാട് സ്മൃതി മണ്ഡപത്തിലും ഓർക്കാട്ടേരി ടി.പി ഭവനിലും പതാക ഉയർത്തും. നെല്ലാച്ചേരിയിലെ ടി.പി സ്മൃതികുടീരത്തിൽ പുഷ്പചക്ര സമർപ്പണവും രക്തസാക്ഷി പ്രതിജ്ഞയും നടക്കും.
വൈകീട്ട് വെള്ളികുളങ്ങരയിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ഓർക്കാട്ടേരി ചന്തമൈതാനത്ത് അവസാനിക്കും. പൊതുസമ്മേളനം മഹാരാഷ്ട്ര ആർ.എം.പി. ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ ട്രഷററുമായ രാജേന്ദ്ര പരംജിത്പേ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.