കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്താതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് അഡ്വ. ഹരീന്ദ്രൻ. കുഞ്ഞാലിക്കുട്ടിയോട് വ്യക്തിപരമായി വിദ്വേഷമൊന്നുമില്ല. ആരെങ്കിലും പറഞ്ഞ് തന്നത് പറയാൻ താൻ ആരുടെയും കോളാമ്പിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയുണ്ടെന്നും മറ്റാരോ പറയിപ്പിച്ചതാണെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ബോധ്യപ്പെടാത്ത ഒരു കാര്യം ആര് പറയണമെന്ന് പറഞ്ഞാലും പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോധ്യപ്പെട്ട് പറഞ്ഞ കാര്യം മാറ്റിപ്പറയണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതും കേൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞല്ലോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, മൗനം പ്രതിഷേധമായിരുന്നു എന്നായിരുന്നു മറുപടി.
അഡ്വ. ഹരീന്ദ്രന്‍റെ തനിക്കെതിരായ ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണം വിചിത്രമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയം പാർട്ടി ചർച്ച ചെയ്തു. ഒർക്കാപ്പുറത്ത് ഇത്തരത്തിലെ വെളിപാട് ഇറങ്ങിയത് എന്തുകൊണ്ട് എന്ന കാര്യം മനസ്സിലായിട്ടുണ്ട്. ഇതിനു പിന്നിൽ ചിലരുണ്ട്. കേട്ടുകേൾവിയായതിനാൽ പേരുകൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ആരോപണത്തെ നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കേസ് വിടുന്ന പ്രശ്നമില്ലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരീന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന മുൻ ഡി.വൈ.എസ്.പി പി. സുകുമാരൻ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി കേസിന്‍റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഹരീന്ദ്രന്‍റെ അഭിപ്രായം തേടിയിട്ടില്ലെന്നും സുകുമാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.