വൈത്തിരി: ഗതാഗതക്കുരുക്ക് പതിവായതോടെ വയനാട് ചുരം യാത്ര ദുഷ്കരവും പേടിസ്വപ്നവുമായി മാറുന്നു. മണിക്കൂറുകളാണ് ചുരത്തിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്. വാരാന്ത്യങ്ങളിലാണ് ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരം. ജില്ലയിലേക്കെത്തുന്ന സഞ്ചാരികൾ ഗതാഗതക്കുരുക്കിൽപെട്ട് മണിക്കൂറുകളാണ് ചുരത്തിൽ സമയം ഹോമിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിരിക്കുന്നത്.
ശനിയാഴ്ചയും ഞായറാഴ്ചയും ചുരത്തിൽ വാഹന ഗതാഗതം നിരവധി മണിക്കൂർ തടസ്സപ്പെട്ടു. ശനിയാഴ്ച രണ്ടിടത്തുണ്ടായ അപകടങ്ങളെ തുടർന്നും ആറാം വളവിൽ ലോറി കുടുങ്ങിയതുമാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്. ഞായറാഴ്ച രാവിലെ 11ന് ചരക്കുലോറി ഏഴാംവളവിനു സമീപം ബ്രേക്ക് ഡൗണായി. ചെറുവാഹനങ്ങൾ വൺവേ സമ്പ്രദായത്തിൽ കടത്തിവിടാനുള്ള ശ്രമം വാഹനങ്ങൾ വർധിച്ചതോടെ നിഷ്ഫലമായി. വൈകീട്ട് ചുരത്തിെൻറ ഇരുവശത്തും കിലോമീറ്ററുകൾ വാഹനനിര നീണ്ടു. ഒരുസമയത്ത് അടിവാരം മുതൽ ചുണ്ടേൽ വരെ വാഹനം നിറഞ്ഞു. 11 മണിക്കൂറെടുത്താണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായത്. ബസുകളും ആംബുലൻസുകളും കുരുക്കിൽപെട്ടു.
അടിവാരം പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, ഹൈവേ പൊലീസ് എന്നിവർ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഒമ്പതാം വളവിനു താഴെ ടവറിനടുത് ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു മണിക്കൂറുകൾ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഉച്ചയോടുകൂടിയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. എന്നാൽ, വൈകീട്ട് നാലരയോടെ മറ്റൊരു ചരക്കു ലോറി കേടായതുമൂലം വീണ്ടും മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ജില്ലയിലേക്ക് സഞ്ചാരികൾ കൂടുതലായെത്തുന്ന വാരാന്ത്യങ്ങളിലെങ്കിലും ചുരത്തിൽ വൻഭാരം കയറ്റിയ ലോറികൾക്കും ടോറസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നൂറുകണക്കിന് ടോറസുകളാണ് ചുരത്തിലൂടെ ദിവസവും സഞ്ചരിക്കുന്നത്. അനുവദിച്ചതിെൻറ ഇരട്ടിയിലധികം ലോഡ് കയറ്റിയാണ് മിക്ക ചരക്കുവാഹനങ്ങളും പോകുന്നത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലെങ്കിലും പകൽസമയത്ത് ചരക്കുലോറികളുടെയും ടോറസ്, ടിപ്പർ ലോറികളുടെയും സഞ്ചാരം നിരോധിക്കണം. ദൂരദിക്കുകളിൽനിന്നുവരുന്ന സഞ്ചാരികളുടെ വിലപ്പെട്ട സമയം ചുരം റോഡുകളിൽ പാഴാക്കിക്കളയുന്നത് ഒഴിവാക്കാൻ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെടണം.
ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്കാണ് ചുരത്തിലൂടെയുള്ള ദുരിതസഞ്ചാരം എത്തിച്ചേരുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം വർധിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിലവിൽ ചുരത്തിന് താങ്ങാവുന്നതിലും അധികമാണ്. ചുരത്തിലെ ഗാതഗതക്കുരുക്കിന് പരിഹാരം കണ്ടാൽ വയനാടിെൻറ ടൂറിസം സാധ്യതകൾക്ക് അത് മുതൽക്കൂട്ടാവും. എന്നാൽ, ചുരത്തിെൻറ വികസം ഇനി സാധ്യമല്ല, ബദൽപാതയാണ് ഏകപോംവഴി.
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും സമയത്തിന് പൂർത്തിയാകുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയുടെ കാര്യത്തിൽ ആരും ഇടപെടുന്നില്ല.
യാത്രക്കാർക്ക് ഏറെ സമയ ലാഭം ലഭിക്കുന്ന ഈ പാതയുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. നിരവധി സർവേകൾ നടത്തി ബജറ്റിൽ ഫണ്ട് വരെ വകയിരുത്തിയ ഈ ബൈപാസ് റോഡ് ആരുടെയൊക്കെയോ താൽപര്യങ്ങൾക്കു കീഴടങ്ങി ഫയലിലൊതുങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.