കൊല്ലം/കരുനാഗപ്പള്ളി: കുവൈത്തിലെ തീപിടിത്തദുരന്തത്തിൽ കൊല്ലത്തിന് നഷ്ടമായവരുടെ കൂട്ടത്തിൽ രണ്ട് യുവാക്കൾ കൂടി. ഇതോടെ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ച കൊല്ലംകാരുടെ എണ്ണം അഞ്ച് ആയി. കരുനാഗപ്പള്ളി സ്വദേശിയായ ഡെന്നി ബേബിയും കൊല്ലം മതിലിൽ സ്വദേശി സുമേഷ് എസ്. പിള്ളയും മരിച്ചതായി വ്യാഴാഴ്ച രാത്രിയോടെയാണ് സ്ഥിരീകരണം വന്നത്.
ബുധനാഴ്ച മൂന്ന് കൊല്ലം സ്വദേശികളുടെ മരണം സ്ഥിരീകരിച്ചിരുന്നു. കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് ആലുംതറ മുക്കിൽ കളത്തിൽ വടക്കേത്തറയിൽ ലക്ഷ്മി ഭവനിൽ ബേബി കരുണാകരന്റെ മകൻ ഡെന്നി ബേബി (33) എൻ.ബി.ടി.സി കമ്പനിയിൽ സെയിൽസ് കോഡിനേറ്റർ ആയി കഴിഞ്ഞ ഏഴ് വർഷമായി ജോലി നോക്കി വരികയായിരുന്നു. ഇവരുടെ കുടുംബം ദീർഘനാളായി മുംബൈയിൽ സ്ഥിരതാമസമാണ്.
മുത്തശ്ശിയും ടെന്നിയുടെ പിതാവ് ബേബി കരുണാകരനും മാത്രമാണ് ഇപ്പോൾ കരുനാഗപ്പള്ളിയിൽ താമസിക്കുന്നത്. സഹോദരി ഭർത്താവ് മനോജ് ഡെന്നിബേബിക്കൊപ്പം കുവൈത്തിൽ ഇതേ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. സുരക്ഷിതനായ സഹോദരി ഭർത്താവ് മുഖേനയാണ് ഡെന്നിയുടെ മരണവിവരം നാട്ടിൽ അറിഞ്ഞത്.
ഏക സഹോദരി ഡെയ്സി മുംബൈയിൽ സ്ഥിരതാമസമാണ്. പരേതയായ ഹില്ലാരി ബേബിയാണ് ബെന്നിയുടെ മാതാവ്. ഡെന്നി അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നതായി കുവൈത്തിൽ നിന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കൊല്ലം മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടെ മകൻ സുമേഷ് എസ്. പിള്ളയുടെ മരണവും പ്രിയപ്പെട്ടവർക്ക് ആഘാതമായി എത്തിയത് വ്യാഴാഴ്ച രാത്രിയിലാണ്. മാതാവ് ശ്രീകുമാരിയും സഹോദരൻ സുകേഷും ഭാര്യ രമ്യയും അഞ്ച് വയസുകാരിയായ മകൾ അവനികയും അടങ്ങുന്ന കുടുംബത്തിനോട് വിയോഗവാർത്ത പറയാനാകാത്ത വേദനയിലായിരുന്നു വിവരമറിഞ്ഞവർ.
15 വർഷമായി സുമേഷ് കുവൈത്തിൽ പ്രവാസിയാണ്. എൻ.ബി.ടി.സിയിൽ റേഡിയോഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ ഓണത്തിന് ആണ് നാട്ടിൽ അവധിക്ക് എത്തി മടങ്ങിയത്.
കൊട്ടിയം: കുവൈത്തിലെ അഗ്നിബാധയിൽ ഗൃഹനാഥൻ മരിച്ചതിന്റെ നടുക്കത്തിലാണ് വെളിച്ചിക്കാല ഗ്രാമം. വെളിച്ചിക്കാല വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസ് മരിച്ച വാർത്ത ബുധനാഴ്ച രാത്രിയാണ് നാട്ടുകാർ അറിഞ്ഞത്. പതിനെട്ടു വർഷമായി കുവൈത്തിലുള്ള ലൂക്കോസ് എൻ.ബി.ടി.സി (നാസർ ബത്ത) കമ്പനിയിലെ സി.എൻ.സി ഓപറേറ്ററായും പിന്നീട് സൂപ്പർവൈസറായും പ്രവർത്തിച്ചുവരികയായിരുന്നു.
സഹോദരങ്ങളായ യോഹന്നാനും, മാത്യുവുമാണ് സംഭവത്തെക്കുറിച്ച് വടകോട്ട് വീട്ടിൽ എത്തുന്നവരോട് വിശദീകരിക്കുന്നത്. മാതാപിതാക്കളായ ഉണ്ണുണ്ണിയും കുഞ്ഞമ്മയും മകന്റെ മരണ വിവരമറിഞ്ഞ ഞടുക്കത്തിലാണ്.
എം.എൽ.എമാരായ ജി.എസ്. ജയലാൽ, പി.സി. വിഷ്ണുനാഥ്, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അടക്കം നിരവധി പേർ വടകോട്ട് വീട്ടിൽ എത്തി.
കൊട്ടിയം: കടലിനക്കരെ ലൂക്കോസിന്റെ ശരീരത്തൊടൊപ്പം കത്തിയമർന്നത് മകളുടെ തുടർപഠന പ്രതീക്ഷ കൂടിയാണ്. സി.ബി.എസ്.സി പ്ലസ്ടുവിന് മികച്ച വിജയം നേടിയ മൂത്തമകൾ ലിഡിയയെ ബംഗളൂരുവിൽ ബി.എസ്.സി നഴ്സിങ് പഠനത്തിന് ചേർക്കുന്നതിനായി ഉടൻ വീട്ടിലെത്തുമെന്ന ഉറപ്പ് പിതാവ് രണ്ട് ദിവസം മുമ്പ് ഫോൺ വിളിച്ചപ്പോൾ നൽകിയിരുന്നു.
പതിവായി വീട്ടിലേക്ക് വിളിക്കാറുള്ള ലൂക്കോസ് അപകടം ഉണ്ടാകുന്നതിനു തൊട്ടുമുമ്പും വിളിച്ചിരുന്നു. മരണവിവരം അറിഞ്ഞതു മുതൽ തേങ്ങലും അലമുറകളുമായി വീട്ടിൽ കഴിയുകയാണ് ഭാര്യ ഷൈനിയും മക്കളായ ലിഡിയയും, ലൂയിസും. മരണവിവരം ഔദ്യോഗികമായി അറിയിക്കാൻ വ്യാഴാഴ്ച വൈകീട്ടു വരെ ഉത്തരവാദിത്തപ്പെട്ട ആരും എത്തിയില്ല.
ജില്ല ഭരണകൂടമോ, നോർക്കയോ, ജോലി ചെയ്ത കമ്പനികളുടെ അധികൃതരോ വീട്ടുകാരുമായി ബന്ധപ്പെട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിലെത്തിയ എം.എൽ.എമാരോട് ബന്ധുക്കൾ ഇക്കാര്യം പറയുകയും ചെയ്തു. വ്യോമസേനയുടെ വിമാനത്തിൽ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായ സർക്കാർ പ്രഖ്യാപനത്തിൽ വിശ്വസിച്ച് മൃതദേഹം എത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.