തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാവുംഭാഗം ജലജ നിവാസിൽ ജെ.ആർ. വിജിൻ (35), വടക്കുമ്പാട് ഷിന്റോ നിവാസിൽ ഷിന്റോ സുരേഷ് (33) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്.
കാവുംഭാഗം വാവാച്ചി മുക്കിലെ പത്രവിതരണക്കാരനാണ്. മുൻവിരോധമാണ് ആക്രമണത്തിന് കാരണം. മരത്തടികൊണ്ടുള്ള ആക്രമണത്തിൽ തലയുടെ ഇടതുഭാഗത്തും ഇടതു കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രബാബു തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ കൊളശ്ശേരി കുന്നിനേരി താഴെ വയലിൽ വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ സുരേന്ദ്ര ബാബുവിനെ ആക്രമിച്ചത്. ഇടത് കൈയെല്ല് തകർന്നു. തുടയെല്ലിനും തലക്കും പരിക്കുണ്ട്. കണ്ണിൽ പൂഴിയെറിഞ്ഞാണ് ആക്രമിച്ചതെന്ന് സുരേന്ദ്രബാബു പറഞ്ഞു.
എല്ല് പൊട്ടിയ ഇടത് കൈക്ക് ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.