തൃശൂർ: കൂടപ്പിറപ്പിനെ 'കൈപിടിച്ചു'കൊടുക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ ജീവൻ വെടിഞ്ഞ സഹോദരനെയും അവെൻറ സ്വപ്നങ്ങളെയും നെഞ്ചോടുചേർത്ത് നാട്. സഹോദരിയുടെ വിവാഹത്തിന് ബാങ്ക് വായ്പ ശരിയാകാത്തതിനെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ജീവനൊടുക്കിയ തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിെൻറ (26) നിറവേറ്റാനാകാതെ പോയ സ്വപ്നങ്ങൾക്കൊപ്പം ഇനി നാടുണ്ടാകും.
സഹോദരി വിദ്യയുടെ വിവാഹത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് നിരവധി പേരാണ് എത്തിയത്. വിപിെൻറ മരണത്തോടെ ആശ്രയമറ്റ കുടുംബത്തിന് ആശ്വാസം പകർന്ന് പ്രതിശ്രുത വരൻ കയ്പമംഗലം നടക്കൽ വീട്ടിൽ നിഥിനുമെത്തി. വിവാഹത്തിനായി പണമോ സ്വർണമോ ചോദിച്ചിട്ടില്ലെന്നും അൽപം വൈകിയാലും വിവാഹം നടക്കുമെന്നും നിഥിൻ പറഞ്ഞു.
ചൊവ്വാഴ്ച 11.30ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ എത്തി. ഉച്ചക്ക് രണ്ടരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊഴുക്കുള്ളിയിലെ ശ്മശാനത്തിൽ സംസ്കാരം നടക്കുമ്പോൾ ആ നാട് തീർച്ചപ്പെടുത്തിയിരുന്നു, ഈ കുടുംബം ഇനി തങ്ങൾ ഓരോരുത്തരുടേതും കൂടിയാണെന്ന്. വൻ സഹായവാഗ്ദാനങ്ങളാണ് പിന്നാലെ കുടുംബത്തെ തേടിയെത്തിയത്. വിവാഹം നടത്താനാവശ്യമായ തുക നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബ്ള്‍ ട്രസ്റ്റ് അറിയിച്ചു. മറ്റു പല പ്രമുഖ ജ്വല്ലറികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമ്മയെയും സഹോദരിയെയും ജ്വല്ലറിക്കു മുന്നിൽ നിർത്തി ബാങ്കിൽനിന്ന് വായ്പയെടുക്കാൻ പോയതായിരുന്നു വിപിൻ. വായ്പ ശരിയാകാത്തതിനെത്തുടർന്നാണ് വീട്ടിലെത്തി ജീവനൊടുക്കിയത്. മൂന്നു വർഷം മുമ്പ് പിതാവ് വാസുവിെൻറ മരണശേഷം വിപിനായിരുന്നു കുടുംബം പുലർത്തിയിരുന്നത്. വാഹന ഷോറൂമിൽ സെയിൽസ്മാനായിരുന്ന വിപിെൻറ ജോലി കോവിഡ് കാലത്ത് നഷ്ടപ്പെട്ടു. നേരത്തേ പറഞ്ഞുറപ്പിച്ച വിവാഹം നടത്താൻ വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും രണ്ടര സെൻറ് മാത്രം ഉള്ളതിനാൽ വായ്പ ലഭിച്ചില്ല. ഒടുവിൽ ന്യൂജനറേഷൻ ബാങ്കിൽ വായ്പ ശരിയാക്കിത്തരാമെന്ന ജീവനക്കാരെൻറ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു വിവാഹനടപടികൾ മുന്നോട്ടുനീക്കിയത്. ഡിസംബർ 12നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.