കോൺഗ്രസിൽ നേരത്തേ രണ്ട്​ ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോഴത്​ അഞ്ചായെന്ന്​ വി.എം. സുധീരൻ, യൂത്ത്​ കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഗുണകരമല്ലെന്ന്

കോട്ടയം: കോൺഗ്രസിൽ നേരത്തേ രണ്ട്​ ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോഴത്​ അഞ്ചായെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. കോൺഗ്രസിലെ ഗ്രൂപ്പിസം കുറഞ്ഞെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിലപാട്​ തള്ളിയ പ്രതികരണമാണ്​ സുധീരനിൽ നിന്നുണ്ടായത്​.

കോൺഗ്രസിലുണ്ടായിരുന്ന ഗ്രൂപ് ഒഴിവാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താൻ. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു. യൂത്ത്​ കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഗുണകരമല്ലെന്ന്​ തെരഞ്ഞെടുക്കപ്പെട്ട കാലത്തുതന്നെ പറഞ്ഞിട്ടുണ്ട്​. മെംബർഷിപ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂനിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുകയാണ്​. അത്​ ശരിയല്ലെന്നും സുധീരൻ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിന്​ അടിസ്ഥാനം ഭരണസംവിധാനത്തിന്‍റെ കാര്യക്ഷമതയില്ലായ്​മയാണ്​. മുഖ്യമന്ത്രിയും മന്ത്രിമാരും അർപ്പിതമായ ചുമതല നേരാംവണ്ണം നിർവഹിച്ചിരുന്നെങ്കിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകില്ല. നവകേരള സദസ്സ്​ ഒരു പാഴ്​വേലയാണ്​.

പാർലമെന്‍റ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടത്തുന്ന പ്രചാരണം മാത്രമാണത്​. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്​. സർ സി.പി അനുവർത്തിച്ച അടിച്ചമർത്തൽ ശൈലിയാണ്​ ഇപ്പോൾ നടക്കുന്നത്​. കമ്യൂണിസ്റ്റ്​ പാർട്ടി കമ്യൂണിസം കൈവിട്ട്​ ഫാഷിസം ശൈലിയായി അംഗീകരിക്കുന്ന അവസ്ഥയിലായെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - V.M. Sudheeran said that if earlier there were two groups in the Congress, now there are five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.