കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിത മേഖല വാസയോഗ്യമാണെന്ന പ്രഫ. ജോൺ മത്തായി വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ ജനങ്ങൾക്ക് പരക്കെ ആശങ്ക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തസ്ഥലത്ത് അതിർത്തി നിർണയം നടത്തി പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക തയാറാക്കാൻ സർക്കാർ തീരുമാനിച്ചത്.
പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റര്‍ അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ ഭാഗത്ത് 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് വിദഗ്ധസമിതി സർക്കാറിന് നൽകിയ പുതിയ ക്രോഡീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. തിങ്കളാഴ്ചമുതൽ പ്രത്യേക ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അർഹരായ പലർക്കും സർക്കാർ ആനുകൂല്യം നിഷേധിക്കപ്പെടുമെന്ന ആശങ്കയും വ്യാപകമായി.
സ്ഥലം അതിർത്തി തിരിക്കലടക്കമുള്ളവ ജില്ല പഞ്ചായത്ത് പ്രസിഡന്റിനെയടക്കം മുൻകൂട്ടി അറിയിച്ചതിനുശേഷം മാത്രമേ നടത്താൻ പാടുള്ളൂവെന്നാണ് കലക്ടർ ഡി.ആർ. മേഘശ്രീയുടെ ഉത്തരവിലുണ്ടായിരുന്നത്. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. ഇതോടെ തിങ്കളാഴ്ച രാവിലെ 10 ഓടെ അതിജീവിതർ സ്ഥലപരിശോധനയടക്കം തടഞ്ഞു. തുടർന്ന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം കലക്ടർ വിളിച്ചുചേർത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജോൺ മത്തായി കമ്മിറ്റി ജനങ്ങളെ കേൾക്കാതെ അശാസ്ത്രീയമായി തയാറാക്കിയ റിപ്പോർട്ട് തള്ളണമെന്നും പുതിയ സമിതിയെ നിയോഗിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ദുരന്തം നേരിട്ട് ബാധിച്ച മുണ്ടക്കെ, ചൂരൽമല, അട്ടമല വാർഡുകളിലെ ജനങ്ങളെ കേട്ടതിനുശേഷം മാത്രമേ സർക്കാർ നടപടികൾ പാടുള്ളൂവെന്ന് ജനപ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഇതോടെ അതിജീവിതരുടെ ആശങ്കകൾ സർക്കാറിന് കൈമാറുമെന്നും റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള അതിർത്തി നിർണയ നടപടികൾ നിർത്തിവെച്ചെന്നും ജില്ല കലക്ടർ അറിയിച്ചു.
ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ല, ഇവിടെ ആളുകളെ താമസിപ്പിക്കരുത്, പുന്നപ്പുഴയുടെ പഴയ കൈവഴിയായ ചൂരല്‍മല അങ്ങാടിയും സ്കൂള്‍ റോഡും സുരക്ഷിതമല്ല, ഇവിടെ വെറുതേയിടണം എന്നിങ്ങനെയുള്ള വിവരങ്ങളാണ് ജോൺ മത്തായി സമിതി മുമ്പ് സർക്കാറിന് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിന് വിപരീതമായി ദുരന്തം ഒഴുകിവന്ന സ്ഥലത്തിന്റെ 50 മീറ്ററും 30 മീറ്ററും അപ്പുറം സുരക്ഷിതമാണെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.
വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറി സന്ദർശിച്ചു
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തഹസിൽദാർക്ക് നിർദേശം നൽകി. ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ചശേഷം നടത്തിയ അവലോകന യോഗത്തിലാണ് ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. തിങ്കളാഴ്ച രാവിലെ 10 ഓടെ വിലങ്ങാടെത്തിയ ചീഫ് സെക്രട്ടറി ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും കടകളും ഉൾപ്പെടെ ഒലിച്ചുപോയ മഞ്ഞച്ചീളിയിലെത്തിയാണ് ദുരന്തത്തിന്റെ നേർചിത്രം മനസ്സിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.