കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മക്കയിലും മദീനയിലും ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഹാജിമാർക്ക് വ്യാപക പരാതി. വിമാനത്താവളത്തിൽനിന്ന് കയറ്റിവിട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞെന്ന രീതിയിലായിരുന്നു സേവനങ്ങളെന്ന് ഹാജിമാർ കുറ്റപ്പെടുത്തുന്നു. ഹാജിമാർക്ക് സേവനം ചെയ്യാനായി നിയോഗിക്കപ്പെട്ട പല വളന്റിയർമാരും മുൻപരിചയമില്ലാത്തവരും ഭാഷാപരിജ്ഞാനം ഇല്ലാത്തവരുമായതിനാൽ ജിദ്ദയിൽ വിമാനം ഇറങ്ങിയതുമുതൽ തുടങ്ങിയ ദുരിതം തിരിച്ച് നാട്ടിലേക്ക് വിമാനം കയറുന്നതുവരെ തുടർന്നു. ഇതുസംബന്ധിച്ച് ഹാജിമാരുടെ ഒപ്പുശേഖരണം നടത്തി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഹാജിമാർ.
ചില വിമാനങ്ങളിലെ യാത്രക്കാർ ജിദ്ദയിൽ ഇറങ്ങിയതുമുതൽ നാഥനില്ലാതെ വലഞ്ഞു. കെ.എം.സി.സി വളന്റിയർമാരാണ് പലപ്പോഴും രക്ഷക്കെത്തിയതെന്ന് ഹാജിമാർ വ്യക്തമാക്കി. മുറിയിൽ എത്തിയശേഷം എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞ ഹാജിമാരിൽ പലർക്കും ഉംറ നിർവഹിക്കാൻ പോലും കഴിഞ്ഞില്ല. അസീസിയയിൽ ഒരുക്കിയ താമസ സ്ഥലത്തുനിന്ന് സ്വന്തം നിലക്ക് ഹറമിൽ പോയ സ്ത്രീകളിൽ ചിലർ വഴിതെറ്റി അലഞ്ഞശേഷം ഹറമിൽ എത്താതെ മടങ്ങിപ്പോരേണ്ട അവസ്ഥയുമുണ്ടായി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഹറമിൽ പോകാൻ കഴിയാതെ മുറിയിൽ തങ്ങേണ്ടിവന്ന നിരവധി പേരുണ്ടെന്ന് കരിപ്പൂരിൽനിന്ന് ഹജ്ജിന് പോയ ഡോ. ആയിശാബി ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റു രാജ്യക്കാർ നൽകിയ ഭക്ഷണം പങ്കിട്ടുകഴിച്ചാണ് പലരും വിശപ്പകറ്റിയത്. മിനയിൽ ഒട്ടും സൗകര്യമില്ലാത്ത ഭാഗത്താണ് ടെന്റുകൾ ലഭിച്ചത്. പലർക്കും അറഫയിൽ സമയത്തിന് എത്താൻ പോലുമായില്ലെന്ന് ആയിശാബി വിശദീകരിച്ചു.
മക്കയിലും മദീനയിലും ഹാജിമാർക്ക് ആവശ്യമായ സേവനത്തിന് ഹജ്ജ് കമ്മിറ്റിയുടെ ആരുമുണ്ടായില്ലെന്ന് നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജിന് പോയ ആലുവ സ്വദേശി അബ്ദുന്നാസർ പറഞ്ഞു. മദീനയിലും ദുരിതമായിരുന്നു. നാലു ദിവസം കഴിഞ്ഞാണ് പലർക്കും തങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പെടുന്ന ബാഗേജ് ലഭ്യമായത്. ഹോട്ടൽ സൗകര്യവും തീരെ അപര്യാപ്തമായിരുന്നു-അദ്ദേഹം പറഞ്ഞു.
രണ്ടു വിമാനങ്ങളിലെ 400ഓളം ഹാജിമാർക്ക് ഒരാൾ എന്ന നിലയിലായിരുന്നു വളന്റിയർമാരെ നിയമിച്ചത്. ഇവരിൽ ഭൂരിഭാഗത്തിനും ഹിന്ദി, അറബി ഭാഷകൾ അറിയില്ലായിരുന്നു. ഇതിനുമുമ്പ് ഹജ്ജ് ചെയ്ത പരിചയവും പലർക്കും ഉണ്ടായിരുന്നില്ല.
ക്ഷീണിതരായി എത്തിയ വയോധികർ ഉൾപ്പെടെയുള്ള ഹാജിമാർ താമസ സൗകര്യത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നതായി കൊടിയത്തൂർ സ്വദേശിയായ റഫീഖ് പറഞ്ഞു. മറ്റു രാജ്യങ്ങളിലുള്ളവർക്ക് മികച്ച സൗകര്യം ലഭ്യമായപ്പോൾ അധികൃതരുടെ അനാസ്ഥയാണ് പ്രകടമായതെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽനിന്നുള്ള ഹാജിമാർക്കായി വളന്റിയർമാരെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്ന് ആക്ഷേപമുണ്ട്.
സർക്കാർ ജീവനക്കാരാകണമെന്നല്ലാതെ ഭാഷാനൈപുണ്യമോ അനുഭവസമ്പത്തോ മാനദണ്ഡമാക്കുന്നില്ല. സ്വാധീനങ്ങളിലൂടെ വളന്റിയർമാരാകുന്ന ചിലരാകട്ടെ, സ്വന്തം കാര്യത്തിലല്ലാതെ ഹാജിമാരുടെ കാര്യങ്ങളിൽ മതിയായ ശ്രദ്ധ ചെലുത്തുന്നില്ല. അടുത്ത വർഷം പോകുന്നവർക്ക് ഇത്തരം അനുഭവങ്ങളുണ്ടാകാതിരിക്കാനാണ് കൂട്ടപ്പരാതി നൽകാൻ തീരുമാനിച്ചതെന്നും ഹാജിമാർ പറഞ്ഞു. ഇതുസംബന്ധിച്ച പ്രതികരണം ആരായാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.