തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ രാം ലല്ലയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എം.പിക്കെതിരെ പ്രതിഷേധം. തരൂരിന്റെ പ്രവൃത്തി മതേതര മൂല്യങ്ങള്‍ക്കെതിരാണെന്ന വിമർശനവുമായി ഇടതുകേന്ദ്രങ്ങൾ രംഗത്തെത്തി.
രാം ലല്ലയുടെ ചിത്രം പങ്കുവെച്ചത് ഞാന്‍ വ്യക്തിപരമായ ഭക്തി പ്രകടിപ്പിച്ചതാണെന്ന് തരൂർ പറഞ്ഞു. രാമക്ഷേത്രത്തെ എതിര്‍ക്കുന്നില്ല. ആ ചടങ്ങിനെയാണ് എതിര്‍ത്തത്. എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ദൈവത്തെ താന്‍ എന്തിന് ബി.ജെ.പിക്ക് വിട്ടുകൊടുക്കണം? രാമനെ ആരാധിക്കുന്നവരെല്ലാം അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ രാമനെ വിശ്വസിക്കുന്നവരുമുണ്ട്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ എത്താത്തവരൊക്കെ ഹിന്ദുവിരുദ്ധരാണെന്നാണ് അവര്‍ ആരോപിക്കുന്നത്.
ജയ് ശ്രീരാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റി. അതുകൊണ്ടാണ് ‘‘സിയാവർ രാമചന്ദ്ര കീ ജയ്..’’ എന്നെഴുതിയത്. ഉത്തരേന്ത്യയില്‍ ഉള്ളവര്‍ ഗുഡ്മോണിങ്ങിന് പകരം ജയ് സിയാറാം എന്നാണ് പറയുക. സീതക്കൊപ്പമുള്ള രാമനെയാണ് എല്ലാവരും ആരാധിക്കുന്നത്. അതാണ് പറഞ്ഞത് പല ഹിന്ദുക്കള്‍ക്കുമുള്ള ആഗ്രഹമാണ് രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്നത്.
അതിനുവേണ്ടി ഒരു മുസ്ലിം പള്ളി പൊളിച്ചത് നല്ല കാര്യമല്ല എന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നത്. പ്രത്യേക മതത്തിനുവേണ്ടി താല്‍പര്യം കൊടുക്കാന്‍ പാടില്ല എന്നതാണ് മതേതരത്വത്തിന്റെ അര്‍ഥമെന്നും തരൂർ പറഞ്ഞു. ലോ കോളജില്‍ കെ.എസ്.യു പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.