കോഴിക്കോട്: രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുപാകുന്ന സംഘ്പരിവാറിനും കേരളത്തിലെ ഇടത് ദുർഭരണത്തിനുമെതിരെ പ്രതിഷേധക്കടലായി മുസ്‌ലിം യൂത്ത് ലീഗിന്‍റെ മഹാറാലി. മഹാറാലികൾ ഏറെക്കണ്ട നഗരത്തിന്‍റെ സമര പാതകളിൽ നിന്ന് വ്യത്യസ്തമായി സ്വപ്നനഗരിയിൽ നിന്ന് തുടങ്ങി മൂന്ന് കിലോ മീറ്റർ ചുറ്റിസഞ്ചരിച്ച റാലി കടപ്പുറത്ത് സമാപിച്ചു. ഹരിത പതാകയേന്തി ആയിരക്കണക്കിന് യുവാക്കൾ അണിനിരന്ന മാർച്ച് യൂത്ത് ലീഗിന്‍റെ ശക്തി പ്രകടനം കൂടിയായി. വൈകീട്ട് 4.15ന് സ്വപ്നനഗരിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആറു മണിയോടെയാണ് കടപ്പുറത്ത് എത്തിയത്. സംസ്ഥാനത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
മതം പറഞ്ഞും ജാതി പറഞ്ഞും വിദ്വേഷത്തിന്‍ വിത്തുപാകി ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച മോദി സര്‍ക്കാറിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. ഇന്ധന വിലക്കയറ്റത്തിലൂടെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന കേന്ദ്രനയത്തിനെതിരെയും പ്രതിഷേധമുയർന്നു. സംവരണത്തില്‍ മായം ചേര്‍ത്ത്, സാമൂഹിക നീതിയെ അട്ടിമറിച്ച് മത ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന കേരളത്തിലെ ഇടതു സർക്കാറിനും ശക്തമായ താക്കീതായി റാലി. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, വൈദ്യുതി നിരക്ക് വർധന, പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നിയമനം തുടങ്ങിയവക്കെതിരെയും റാലിയിൽ പ്രതിഷേധമുയർത്തി.
യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെയും ബാൻഡ് ടീമിന്റെയും പാസിങ് ഔട്ട് പരേഡും നടന്നു. പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെലങ്കാന സംസ്ഥാന പഞ്ചായത്തീരാജ്-ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ടി.പി. അഷ്റഫലി, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ. മാഹിൻ, സി.കെ. മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ, മിസ്ഹബ് കീഴരിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.