കൊതിയൂറും പായസങ്ങള്‍

പാല്‍പ്പായസം

ചേരുവകള്‍:

1. നുറുക്കരി -അര കപ്പ്
2. പാല്‍ -ഒന്നര ലിറ്റര്‍
3. വെള്ളം -അഞ്ചര കപ്പ്
4. പഞ്ചസാര -ഒന്നര കപ്പ്
5. ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
6. അണ്ടിപ്പരിപ്പ് -പത്ത്

തയാറാക്കുന്നവിധം: 
അരലിറ്റര്‍ പാല്‍, രണ്ടരകപ്പ് വെളളം, അരകപ്പ് പഞ്ചസാര എന്നിവ ചെറുതീയില്‍ കുക്കറില്‍ വേവിക്കുക. ഇടക്കിടെ ഇളക്കണം. ഇത് കുറുകി അരലിറ്ററാകണം. അതിലേക്ക് അരിയും മൂന്ന് കപ്പ് വെള്ളവും ഒരു കപ്പ് പഞ്ചസാരയും ചേര്‍ക്കണം. അരി വെന്താല്‍ ഏലക്കാപൊടിയും വറുത്ത അണ്ടിപരിപ്പും ചേര്‍ക്കാം. പാല്‍ നന്നായി കുറുകിയാല്‍ രുചിയേറും പായസമൊരുങ്ങി.

കാരറ്റ് പായസം
ചേരുവകള്‍:

1. കാരറ്റ് -രണ്ട് എണ്ണം
2. പാല്‍ -രണ്ട് കപ്പ്
3. പഞ്ചസാര -ഒന്നര കപ്പ്
4. എലക്കാപ്പൊടി -അര ടീസ്പൂണ്‍
5. അണ്ടിപ്പരിപ്പ് -10
6. ബദാം -അഞ്ച്
7. നെയ്യ് -30 മില്ലി ലിറ്റര്‍

തയാറാക്കുന്നവിധം: 
അണ്ടിപ്പരിപ്പും ബദാമും അരമണിക്കൂര്‍ കുതിര്‍ത്തശേഷം അരക്കുക. കാരറ്റും അരകപ്പ് പാലും കുക്കറില്‍ മൂന്നു വിസില്‍വരെ വേവിക്കുക. വെന്ത കാരറ്റ് നന്നായി അരക്കണം. ഒന്നര കപ്പ് പാലിലേക്ക് കാരറ്റ് ചേര്‍ത്ത് പത്തു മിനിറ്റ് തിളപ്പിക്കണം. ഇതില്‍ പഞ്ചസാരയും അണ്ടിപ്പരിപ്പ് മിശ്രിതവും ചേര്‍ക്കുക. കട്ടിയാകുംവരെ ഇളക്കുക. എലക്കാപ്പൊടി ചേര്‍ത്ത് തണുക്കാന്‍വെക്കുക. അല്‍പനേരം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് കഴിച്ചാല്‍ രുചിയേറും.

ചേനപ്പായസം

ചേരുവകള്‍:

1. ചേന -അര കിലോഗ്രാം
2. ശര്‍ക്കര -അര കിലോഗ്രാം
3. തേങ്ങ -രണ്ട്
4. നെയ്യ് -50 ഗ്രാം
5. അണ്ടിപ്പരിപ്പ് -50 ഗ്രാം
6. മുന്തിരി -50 ഗ്രാം
7. ഏലക്കാപ്പൊടി -ഒരു ടീസ്പൂണ്‍
8. തേങ്ങാകൊത്ത് -കാല്‍ മുറി

തയാറാക്കുന്നവിധം: 
ചേന ചെറുതായി അരിഞ്ഞ് കുക്കറില്‍ വേവിക്കുക. തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാംപാലും രണ്ടാംപാലും രണ്ട് പാത്രങ്ങളിലാക്കി വെക്കുക.  ശര്‍ക്കര വെള്ളത്തിലലിയിച്ച് പാനിയുണ്ടാക്കി അരിച്ച് വെക്കുക. ശര്‍ക്കര പാനിയിലേക്ക് ചേന ചേര്‍ത്ത് നന്നായി വേവിക്കുക. അതില്‍ രണ്ടാം പാല്‍ ചേര്‍ത്ത് കുറുകുംവരെ ഇളക്കണം. അല്‍പം നെയ്യ് ഇടക്കിടെ ഒഴിക്കണം.  കട്ടിയാകുമ്പോള്‍ ഒന്നാംപാലൊഴിച്ച് ചെറുചൂടില്‍ അല്‍പനേരം വെച്ചശേഷം വാങ്ങിവെക്കണം. തിളക്കരുത്. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും വറുത്ത് ചേര്‍ത്ത് ചെറുചൂടോടെ വിളമ്പാം. ചേനപ്പായസമാണെന്ന് കേട്ടാല്‍ അതിഥികള്‍ മൂക്കത്ത് വിരല്‍വെക്കും.

അവില്‍പായസം

ചേരുവകള്‍:

1. അവില്‍ -രണ്ട് കപ്പ്
2. പാല്‍ -മൂന്ന് കപ്പ്
3. പഞ്ചസാര -ആറ് ടേബ്ള്‍സ്പൂണ്‍
4. ഏലക്കാപ്പൊടി -ഒരു ടീസ്പൂണ്‍
5. മില്‍ക്മെയ്ഡ് -നാല് ടേബ്ള്‍സ്പൂണ്‍
6. നെയ്യ്-രണ്ട് ടേബ്ള്‍സ്പൂണ്‍
7. അണ്ടിപ്പരിപ്പ് -പത്ത്
8. മുന്തിരി -അഞ്ച്
9. ഉപ്പ് -ഒരു നുള്ള്

തയാറാക്കുന്നവിധം: 
അവില്‍ കഴുകി വെളളം വാര്‍ക്കുക. രണ്ട് ടേബ്ള്‍സ്പൂണ്‍ നെയ്യൊഴിച്ച് അവില്‍ വറുക്കുക. രണ്ടു കപ്പ് പാലിലേക്ക് വറുത്ത അവിലും ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇടക്കിടെ ഇളക്കണം. നുളള് ഉപ്പ് ചേര്‍ക്കാം. അവില്‍ വെന്താല്‍ ഒരു കപ്പ് പാല്‍ ചേര്‍ത്ത് ചെറുചൂടില്‍ നന്നായി ഇളക്കണം. അതിലേക്ക് മില്‍ക്മെയ്ഡ് ചേര്‍ക്കാം. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തില്‍ ചേര്‍ക്കുക. അവില്‍ പായസം തയാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.