ബ്രെഡ് പുഡിങും പനീര്‍ കുറുമയും

1. ബ്രെഡ് പുഡിങ്

ചേരുവകള്‍:

  • മിച്ചം വന്ന റൊട്ടി കഷണങ്ങള്‍ -ഒരു കപ്പ്
  • മുട്ട -മൂന്നെണ്ണം അടിച്ചത്
  • പാല്‍ -രണ്ടര കപ്പ്
  • പഞ്ചസാര -മുക്കാല്‍ കപ്പ്
  • കിസ്മിസ് -അര കപ്പ്
  • വാനില എസന്‍സ് -ഒരു ടീസ്പൂണ്‍
  • പട്ട പൊടിച്ചത്, ജാതിക്ക പൊടിച്ചത്
  • നാരങ്ങാതൊലി ചീകിയത് -ഒരു ടീസ്പൂണ്‍ വീതം

തയാറാക്കുന്ന വിധം:
ഒരു വലിയ ബൗളില്‍ ഈ ചേരുവകളെടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ബട്ടര്‍ തേച്ച ഒരു ബേക്കിങ് ഡിഷിലേക്ക് പകരുക.  വെള്ളമൊഴിച്ച മറ്റൊരു വലിയ ബേക്കിങ് പാനിലേക്കിത് ഇറക്കിവെക്കുക.  ഇനിയിത് ഓവനില്‍ വെക്കുക.  ഓവന്‍െറ താപനില 35 ഡിഗ്രിയില്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്തിരിക്കണം.  45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഒരു കത്തിയോ കമ്പിയോ ഇതില്‍ ഇറക്കിനോക്കി പുഡിങ് സെറ്റായോയെന്ന് പരിശോധിക്കുക. ഇത് പുഡിങ്ങിന്‍െറ മധ്യ ഭാഗത്തായി നോക്കുക.  ചൂടാറിയതിനു ശേഷം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് കഷണങ്ങളായി വിളമ്പുക.  

ചില ടിപ്പുകള്‍:
1. പ്രഷര്‍കുക്കര്‍ ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം. പ്രഷര്‍കുക്കറില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുക്കര്‍ പ്ളേറ്റിട്ട്, പുഡിങ് കൂട്ടെടുത്ത സെപറേറ്റര്‍ തട്ട് വെച്ച് വെയിറ്റിടാതെ ആവിയില്‍ വേവിച്ചെടുക്കുക.  
2. ഇഡലിപ്പാത്രം ഉപയോഗിച്ചും ഇത് വേവിച്ചെടുക്കാം.
3. പാലിന്‍െറ സ്ഥാനത്ത് തേങ്ങാപ്പാല്‍ ഉപയോഗിച്ചാല്‍ പുഡിങ് കൂടുതല്‍ സ്വാദിഷ്ഠമാക്കാം.

2. കര്‍ഡ് ഇഡലി
അതിഥികള്‍ വരുമ്പോള്‍ നാം ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി കരുതും.  ഇഡലി ഇങ്ങനെ മിച്ചം വന്നാല്‍ അത് വ്യത്യസ്തമായ ഒരു വിഭവം തയാറാക്കാന്‍ ഉപയോഗിക്കാം.  

ചേരുവകള്‍:

  • ഇഡലി (ചെറുത്) -12 എണ്ണം
  • തൈര് രണ്ട് കപ്പ്
  • പാല്‍/വെള്ളം -അര കപ്പ്
  • കറിവേപ്പില- ഒരു തണ്ട് ഉതിര്‍ത്തത് (അലങ്കരിക്കാന്‍)
  • കാരറ്റ് -കുറച്ച് ഗ്രേറ്റ് ചെയ്തത്  (അലങ്കരിക്കാന്‍)
  • ഉപ്പ് -പാകത്തിന്
  • പഞ്ചസാര- ഒരു നുള്ള്

അരക്കാന്‍:

  • അണ്ടിപ്പരിപ്പ്- അര ടേ.സ്പൂണ്‍
  • ചുരണ്ടിയ തേങ്ങ - ഒരു ടേ.സ്പൂണ്‍
  • പച്ചമുളക് -ഒരെണ്ണം.

വറുത്തിടാന്‍:

  • കടുക്, ഉഴുന്ന് -കാല്‍ ടീസ്പൂണ്‍ വീതം
  • കറിവേപ്പില -2-3 തണ്ട്
  • കായപ്പൊടി - ഒരു നുള്ള്
  • ഉണക്ക മുളക് - രണ്ടെണ്ണം

തയാറാക്കുന്ന വിധം:
ഇഡലി ചെറുതല്ളെങ്കില്‍ വലിയ ഇഡലി ചെറുതായി മുറിക്കുക.  തൈരില്‍ അരക്കപ്പ് വെള്ളമോ പാലോ ഒഴിച്ചിളക്കുക, ഇതില്‍ ഉപ്പും പഞ്ചസാരയും ഇട്ടിളക്കുക.  എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി വറുക്കാന്‍ കുറിച്ചവയിട്ട് വറുക്കുക.  കടുക് പൊട്ടുമ്പോള്‍ കായപ്പൊടി ചേര്‍ത്തിളക്കിയ തൈര് ഒഴിക്കുക.  പച്ചമുളകും അണ്ടിപ്പരിപ്പും തേങ്ങയും  നന്നായി അരച്ച് തൈരുമായി ചേര്‍ക്കുക.  വിളമ്പുന്നതിന് അരമണിക്കൂര്‍ മുമ്പായി ഇഡലി ഇതില്‍ ചേര്‍ക്കുക.  അധികം കുതിര്‍ന്നുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.  വളരെ നേരത്തേ ചേര്‍ത്താല്‍ ഇഡലി കുതിര്‍ന്നുപോകും. ഗ്രേറ്റ് ചെയ്ത കാരറ്റും കറിവേപ്പില ഉതിര്‍ത്തതുമിട്ട് അലങ്കരിച്ച് വിളമ്പുക.  വേനല്‍ക്കാലത്തിന് പറ്റിയ ഒരു വിഭവവും കൂടിയാണിത്.  

3. പൊട്ടറ്റോ പുലാവ്

ചേരുവകള്‍:

  • ബസുമതിയരി -രണ്ട് കപ്പ്
  • സവാള -ഒന്നര എണ്ണം
  • ഉരുളക്കിഴങ്ങ് -അഞ്ചെണ്ണം
  • ഇഞ്ചി -ഒന്നര ഇഞ്ച് നീളത്തില്‍ ഗ്രേറ്റ് ചെയ്തത്
  • ജീരകം -ഒന്നര ടീസ്പൂണ്‍
  • ജീരകപ്പൊടി - രണ്ട് ടീസ്പൂണ്‍
  • ഗരം മസാലപ്പൊടി - രണ്ട് ടീസ്പൂണ്‍
  • പച്ചമുളക് -മൂന്നെണ്ണം
  • ഉപ്പ് -പാകത്തിന്
  • നാരങ്ങാനീര് -ഒന്നര നാരങ്ങയുടെ
  • കറിവേപ്പില -ഒരു തണ്ട്
  • പുതിനയില -ഒരുപിടി

തയാറാക്കുന്ന വിധം:
അരി പാകത്തിന് വേവിച്ചെടുത്തുവെക്കുക.  വെള്ളമയം മാറ്റിവെക്കുക.  എണ്ണ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ജീരകം ഇട്ട് വറുക്കുക.  പൊട്ടുമ്പോള്‍ സവാള, ഒരു പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില ചേര്‍ക്കുക.  പൊടിയായരിഞ്ഞ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കി വേവിക്കുക.  ഇനി ചോറ്, ഉപ്പ്, നാരങ്ങാനീര്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ക്കാം.  അവസാനം പുതിനയിലയും രണ്ട് പച്ചമുളക് പിളര്‍ന്നതും ഇട്ടലങ്കരിച്ച് വിളമ്പാം. ഒപ്പം, പനീര്‍ കുറുമയും വിളമ്പാം.  

4.  പനീര്‍ കുറുമ

ചേരുവകള്‍:

  • പനീര്‍ കഷണങ്ങള്‍ -രണ്ട് കപ്പ്
  • മുട്ട - ആറെണ്ണം പുഴുങ്ങിയത് (രണ്ടായി മുറിച്ചത്)
  • മുളക്പൊടി - ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  • ഗരംമസാലപ്പൊടി - അര ടീസ്പൂണ്‍
  • പുതിനയില -കുറച്ച് അലങ്കരിക്കാന്‍
  • എണ്ണ -രണ്ട് ടേ.സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

ലിസ്റ്റ് ഒന്ന്:

  • വറുത്ത സവാള - അര കപ്പ്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍

ലിസ്റ്റ് രണ്ട്:

  • ചുരണ്ടിയ തേങ്ങ - അര കപ്പ്
  • പെരിഞ്ചീരകം - ഒരു ടീസ്പൂണ്‍
  • കശകശ -ഒരു ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് - അഞ്ചെണ്ണം
  • കടല -ഒരു കപ്പ്

തയാറാക്കുന്ന വിധം:
കടല വേവിക്കുക.  മുട്ട പുഴുങ്ങുക.  വറുത്ത സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അരക്കുക.  ലിസ്റ്റ് രണ്ടിലെ എല്ലാം അരക്കുക.  എണ്ണ ചൂടാക്കി ലിസ്റ്റ് രണ്ടിലെ അരച്ചത് വഴറ്റുക.  സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തിളക്കുക.  മുട്ടയും കടലയും ചേര്‍ക്കുക.  പനീര്‍ ചേര്‍ക്കുക.  എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക.

തയാറാക്കിയത്: ഇന്ദു നാരായണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.