അപ്പങ്ങള്‍ എമ്പാടും...

1. ചക്കയപ്പം (ചക്കഅട)

ചേരുവകള്‍:

  • നന്നായി പഴുത്ത വരിക്കച്ചക്ക- 10 ചുള വലുത്
  • പേസ്റ്റ് രൂപത്തില്‍ അരച്ചത്-  1/2 കപ്പ്
  • വറുത്ത പച്ചരി മാവ് -11/2 കപ്പ്
  • ശര്‍ക്കര ഉരുക്കിയത് -1 കപ്പ് (ആവശ്യമെങ്കില്‍)
  • തേങ്ങാ ചിരകിയത് -1/2 കപ്പ്
  • വാഴയില (വാട്ടിയത്) -ആവശ്യത്തിന്
  • ഏലക്കപൊടി- 1 ടീസ്പൂണ്‍
  • ഉപ്പ് പൊടി -ഒരു നുള്ള്

പാകം ചെയ്യേണ്ടവിധം:
1. ചക്ക അരച്ചതില്‍ മാവ്, ശര്‍ക്കര, തേങ്ങ, ഏലക്കാപൊടി എന്നിവ ചേര്‍ത്ത് ഉപ്പ് പാകത്തിന് ചേര്‍ത്ത് കുഴക്കുക. (ഒരല്‍പം അയഞ്ഞ പാകമായിരിക്കും)
2. ഓരോ വാട്ടിയ ഇലയിലേക്ക് കുഴച്ച മാവില്‍ നിന്നും കുറേശെ എടുത്തുവെച്ച് ഇല മടക്കി കൈക്കൊണ്ട് അമര്‍ത്തുക. അപ്പോള്‍ ചക്കയപ്പം ഒരുപോലെ കനം കുറഞ്ഞ രീതിയില്‍ ഷേപ്പാകും. മാവ് അല്‍പം അയഞ്ഞതായതു കൊണ്ട് കൈ കൊണ്ട് പരത്തി ഷേപ്പാക്കേണ്ട ആവശ്യമില്ല.
3. ഇങ്ങനെ പരുത്തി എടുത്ത ചക്കയപ്പം ഇലയോട് കൂടി ഒരു അപ്പച്ചെമ്പില്‍വെച്ച് വേവിച്ചെടുക്കുക. വെന്തു പാകമാകാന്‍ അര മണിക്കൂര്‍ പിടിക്കും.

2. ശര്‍ക്കര കിണ്ണത്തപ്പം

ചേരുവകള്‍:

  • വറുക്കാത്ത പച്ചരിമാവ് -3 1/2 കപ്പ്
  • ശര്‍ക്കര ഉരുക്കിയത് (കുറുങ്ങനെ) -3 1/2 കപ്പ്
  • കടലപരിപ്പ് വേവിച്ചത് -1/2 കപ്പ് (ഒന്ന് ചതച്ചാല്‍ മതി)
  • തേങ്ങാപാല്‍ -3 കപ്പ്
  • വെളിച്ചെണ്ണ -1/2 കപ്പ്
  • ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യേണ്ടവിധം:
1. പച്ചരി മാവ്, മൂന്ന് കപ്പ് തേങ്ങാപാലും ശര്‍ക്കര ഉരുക്കിയതും കടലപരിപ്പും ഒന്നിച്ചാക്കി കൈയെടുക്കാതെ ഇളക്കി ചെറുതീയില്‍ കുറുക്കുക.
2. കുറുകി തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ കുറേശെ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഉപ്പും ഏലക്കാപൊടിയും ചേര്‍ക്കുക.
3. മാവ് നന്നായി മുറുകി പാത്രത്തില്‍ നിന്നും വിട്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റി നെയ്യ് തടവിയ പാത്രത്തിലേക്ക് നിരത്തി മുകള്‍ ഭാഗം നന്നായി തേച്ച് നിരപ്പാക്കുക. (നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് കൊടുത്ത് ചൂടാറിയ ഉറച്ച ശേഷം കഷണങ്ങളായി മുറിച്ചും ഉപയോഗിക്കാം).
വേവിച്ച കടലപരിപ്പ് പേസ്റ്റ് പോലെ ഉടയ്ക്കരുത്. ചെറുതായി മാത്രം ഉടയ്ക്കുക. അവിടവിടയായി കടലപരിപ്പിന്‍െറ കഷണങ്ങള്‍ കാണണം.

3. വെള്ള കിണ്ണത്തപ്പം

ചേരുവകള്‍:

  • പച്ചരി നല്ലത്- 1 കപ്പ്
  • പഞ്ചസാര -1 കപ്പ്
  • മുട്ട-ഒന്ന്
  • കട്ടി തേങ്ങാപാല്‍ -1 കപ്പ്
  • തേങ്ങയുടെ രണ്ടാംപാല്‍ -2 1/2 കപ്പ്
  • ഏലക്കാപൊടി -1/2 ടീസ്പൂണ്‍
  • നല്ല ജീരകം -1/4 ടീസ്പൂണ്‍ (പൊടിച്ചത്)
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യേണ്ടവിധം:
പച്ചരി നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. 5 മണിക്കൂര്‍ കഴിഞ്ഞിട്ട് ഊറ്റിയെടുക്കുക. എന്നിട്ട് മിക്സിയിലോ ഗ്രൈന്‍ഡറിലോ ഇട്ട് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അരയാന്‍ ആവശ്യമുള്ള രണ്ടാംപാല്‍ ചേര്‍ത്തു കൊടുക്കുക. ഏകദേശം അരഞ്ഞു കഴിയുമ്പോള്‍ മുട്ടയും ചേര്‍ത്ത് വേണം അരയ്ക്കാന്‍. ഇനി ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് അലിയുന്നതുവരെ വീണ്ടും അരയ്ക്കുക. ഇങ്ങനെ അരച്ച അരിമാവിലേക്ക് രണ്ടാംപാലിന്‍െറ ബാക്കിക്കും കട്ടിയുള്ള ഒന്നാംപാലും ചേര്‍ത്ത് ഇളക്കി അരിപ്പയിലൂടെ ഒന്ന് അരിച്ചെടുക്കണം. (ഇങ്ങനെ അരിച്ച മാവ് കണ്ടാല്‍ പാല്‍ പോലെ ലൂസായിട്ട് ഇരിക്കണം). ഇതിലേക്ക് ഏലക്കാപൊടിയും ജീരകപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കണം. എന്നിട്ട് അടുപ്പത്ത് വെള്ളം അപ്പച്ചെമ്പില്‍വെച്ച് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ഈ മാവ് അതിലേക്ക് ഒഴിച്ചു കൊടുത്ത് അപ്പച്ചെമ്പ് മൂടിവെക്കുക. എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് തുറന്ന് നോക്കുക. വെന്ത് കഴിഞ്ഞാല്‍ ഉപയോഗിക്കാം. വെള്ളകിണ്ണത്തപ്പം തയാര്‍.

തയാറാക്കിയത്: മുനീറ എന്‍. തുരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.