പാലിന്‍ പലരുചി

പാല്‍- നന്മയുടെ ശുഭ്രാവതാരം. പഞ്ചസാരയിലും തേനിലും കല്‍ക്കണ്ടത്തിലുമെല്ലാം രുചിഭേദം തീര്‍ക്കുന്ന അമൃത്. തിളപ്പിച്ചും പുളിപ്പിച്ചും വറ്റിച്ചും പലമാതിരി ഉപയോഗത്തിന് വഴങ്ങുന്ന ആരോഗ്യ ഭക്ഷണം. ഹൃദ്യസുഗന്ധത്തിനുടമ. ‘ശ്രീ ഭൂവിലസ്ഥിര’ എന്നത് ജീവമന്ത്രമായെടുത്തതിനാല്‍ എളുപ്പം ചീത്തയാവാന്‍ മടിയില്ല. നാവില്‍ രസമേളം തീര്‍ക്കുന്ന പാലിന്‍െറ ദശാവതാരങ്ങളെ പരിചയപ്പെടാം.

ഐസ്ക്രീം
ക്ഷീരസമൃദ്ധം. പോഷക സമ്പന്നം. വീട്ടില്‍ അനായാസം തയാറാക്കുന്ന ഈ ക്ഷീരോല്‍പന്നം വീട്ടുകാരൊന്നാകെ ഇഷ്ടപ്പെടും.

ചേരുവകള്‍:

  1. പാല്‍ക്രീം -300 ഗ്രാം
  2. പാല്‍ -400 ഗ്രാം
  3. കണ്ടന്‍സ്ഡ് മില്‍ക് -250 ഗ്രാം
  4. പാല്‍പ്പൊടി -50ഗ്രാം
  5. പഞ്ചസാര -50 ഗ്രാം
  6. കോഴിമുട്ടയുടെ വെള്ള -രണ്ട്
  7. എസന്‍സ്, കളര്‍ -ആവശ്യാനുസരണം

തയാറാക്കുന്നവിധം:
ഒരു പാത്രത്തില്‍ പാലും ക്രീമും കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക. പാല്‍പ്പൊടിയും പഞ്ചസാരയും അല്‍പാല്‍പ്പം കലര്‍ത്തി ഇളക്കിച്ചേര്‍ക്കുക. ഇതില്‍ നിന്ന് നന്നായി ആവി വരുമ്പോള്‍ മുട്ടയുടെ വെള്ള ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് വാങ്ങിവെക്കുക. ആവശ്യമെങ്കില്‍ കളര്‍ ചേര്‍ക്കാം. ചൂട് കുറയുമ്പോള്‍ മിക്സിയിലിട്ട് ഒന്നുരണ്ടു മിനിറ്റ് കടയുക. മിശ്രിതം വൃത്തിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിന്‍െറ ഫ്രീസറിന് പുറത്തു സൂക്ഷിക്കുക. മൂന്നു നാല് മണിക്കൂറിനുശേഷം പരന്ന പാത്രത്തിലാക്കി ഡീപ്പ് ഫ്രീസറില്‍വെച്ച് തണുപ്പിക്കുക. പഴച്ചാറോ, ഫ്ളേവറോ വേണമെങ്കില്‍ ചേര്‍ക്കാം. ഒന്നുരണ്ടു മണിക്കൂറിനു ശേഷം ഉപയോഗിക്കാം.

മില്‍ക് ചോക്ലറ്റ്‌
പാലില്‍ കൊക്കോപ്പൊടിയും നെയ്യും പഞ്ചസാരയും ചേര്‍ത്ത് വറ്റിച്ചാല്‍ ചോക്ളറ്റൊരുങ്ങുകയായി. സൂക്ഷിപ്പുഗുണമുണ്ട്. കുഞ്ഞുവാവക്ക് കൊതിയൂറും ചോക്ളറ്റ് നല്‍കാന്‍ തയാറാണെങ്കില്‍ പോരൂ.

ചേരുവകള്‍:

  1. പാല്‍ -ഒരു ലിറ്റര്‍
  2. പഞ്ചസാര -350 ഗ്രാം
  3. കൊക്കോപ്പൊടി -15-30 ഗ്രാം
  4. മൈദ -15 ഗ്രാം
  5. നെയ്യ് -50 ഗ്രാം
  6. ഏലക്കാപ്പൊടി -നാല്/അഞ്ച് ഏലക്കയുടേത്

തയാറാക്കുന്നവിധം:
ഒരു ലിറ്റര്‍ പാല്‍ അര ലിറ്ററാകുംവരെ തിളപ്പിച്ച് വറ്റിക്കുക. പഞ്ചസാര, മൈദ, കൊക്കോപ്പൊടി എന്നിവ കൂട്ടിയിളക്കി പാലില്‍ചേര്‍ത്ത് സാവധാനം ഇളക്കിച്ചേര്‍ക്കുക. മിശ്രിതത്തില്‍ കുമിളകളുണ്ടായി പ്രയാസത്തോടെ പൊട്ടിത്തുടങ്ങുമ്പോള്‍ നെയ്യില്‍ മൂന്നിലൊന്ന് ചേര്‍ത്തിളക്കാം. ചെറുചൂടില്‍ വെന്തൊരുങ്ങുമ്പോള്‍ രണ്ടു തവണകൂടി ഇതാവര്‍ത്തിക്കുക. പാത്രത്തില്‍ നിന്ന് ഇളകിവരുന്ന ഘട്ടമെ ത്തുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി ഏലക്കാപ്പൊടി ചേര്‍ത്ത് നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റണം. ചേരുവ  ഒരേ കനത്തില്‍ പരത്തണം. തണുത്ത് കട്ടിയാകുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം. ആകര്‍ഷകമായി പാക്ക് ചെയ്താല്‍ ഏറെനാള്‍ സൂക്ഷിക്കാം.
ശ്രദ്ധിക്കാന്‍: മില്‍ക് ചോക്ളറ്റ് നിര്‍മാണത്തിന് ഉരുളിയോ അടി കട്ടിയുള്ള പാത്രമോ ആണ് ഉപയോഗിക്കേണ്ടത്. മണ്ണെണ്ണയുടെ ഗന്ധം കലരാനിടയുള്ളതിനാല്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കരുത്. പാല്‍ കുറുക്കുന്ന സമയത്തും ഉല്‍പന്ന നിര്‍മാണവേളയിലുമുള്ള ഇളക്കലിന് ഉല്‍പന്നത്തിന്‍െറ ഗുണമേന്മയുമായി ഏറെ ബന്ധമുണ്ട്. മിനിറ്റില്‍ 90-100 തവണ ചട്ടുകം കറങ്ങണം. വട്ടച്ചട്ടുകത്തിന് പകരം പരന്നതോ  ഉളിയുടെ ആകൃതിയിലുള്ളതോ ആണ് ഉപയോഗിക്കേണ്ടത്.

മില്‍ക് സിപ്അപ്

ചേരുവകള്‍:

  1. പാല്‍ -ഒരു ലിറ്റര്‍
  2. വെള്ളം -രണ്ടു ലിറ്റര്‍
  3. പഞ്ചസാര -600 ഗ്രാം
  4. സ്കിം മില്‍ക്ക് പൗഡര്‍ -40 ഗ്രാം
  5. ജലാറ്റിന്‍ -ഏഴര ഗ്രാം
  6. കളര്‍, എസന്‍സ് -ആവശ്യത്തിന്

തയാറാക്കുന്നവിധം:
പാല്‍ 90 ഡിഗ്രി സെല്‍ഷ്യസുവരെ ചൂടാക്കി തണുപ്പിക്കുക. തണുക്കുമ്പോള്‍ ഉറയുന്ന പാട നീക്കുക. രണ്ടു ലിറ്റര്‍ വെള്ളം ചൂടാക്കുക. പാല്‍പ്പൊടിയും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം അല്‍പാല്‍പം വെള്ളത്തിലിട്ട് നന്നായി ഇളക്കുക. മിശ്രിതം തിളപ്പാകമത്തെുംമുമ്പ്  (90 ഡിഗ്രി സെല്‍ഷ്യസ്) ജലാറ്റിന്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് പാട മാറ്റിയ പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. വാങ്ങിവെച്ച് അന്തരീക്ഷ ഊഷ്മാവിലേക്ക് തണുക്കാന്‍ അനുവദിക്കുക. തണുത്താല്‍ കളറും എസന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക. സിപ്അപ് ട്യൂബില്‍ ഈ മിശ്രിതം നിറച്ച് സീലിങ് മെഷിന്‍കൊണ്ട്  മുറിക്കുക. ഇവ ഫ്രീസറില്‍വെച്ച് കട്ടിയായശേഷം ഉപയോഗിക്കാം.

മില്‍ക് ഹല്‍വ

ചേരുവകള്‍:

  1. പാല്‍ -ഒരു ലിറ്റര്‍
  2. മൈദ -250 ഗ്രാം
  3. പഞ്ചസാര -750 ഗ്രാം
  4. നെയ്യ് -200 ഗ്രാം
  5. ചൗവ്വരി -125 ഗ്രാം
  6. അണ്ടിപ്പരിപ്പ് -പത്തു ഗ്രാം

തയാറാക്കുന്നവിധം:
പഞ്ചസാര കുറച്ചുവെള്ളം ചേര്‍ത്ത് ലായനിയാക്കി അരിച്ചെടുക്കുക. മൈദയും കുഴമ്പുരൂപത്തിലാക്കി അരിച്ചെടുക്കുക. ചൗവ്വരി വേവിച്ച് തുണിയിലൂടെ പിഴിഞ്ഞെടുക്കുക. പാല്‍ ഓട്ടുരുളിയിലൊഴിച്ച് ചൂടായ ശേഷം തയാറാക്കിയ മിശ്രിതങ്ങള്‍ ഓരോന്നായി ചേര്‍ക്കുക. അടിയിലും വശങ്ങളിലും പറ്റിപ്പിടിക്കാതിരിക്കാന്‍ നന്നായി ഇളക്കണം. മിശ്രിതം കുറുകുന്നതിനനുസരിച്ച് നെയ്യ് അല്‍പാല്‍പമായി ചേര്‍ത്തിളക്കണം. പാത്രത്തിന്‍െറ വശങ്ങളില്‍ പറ്റിപ്പിടിക്കാതെ ഇളകിവരുന്ന പാകമായാല്‍ അടുപ്പില്‍ നിന്നിറക്കാം. നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി ഒരേ കനത്തിലാക്കണം. അതിനുമുമ്പ്  വറുത്തുകോരിയ അണ്ടിപ്പരിപ്പ് പാത്രത്തിനടിയില്‍ വിതറണം. തണുത്തശേഷം ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് വിളമ്പാം. ഒരു ലിറ്റര്‍ പാലില്‍നിന്ന് രണ്ടു കിലോഗ്രാം ഹല്‍വ കിട്ടും.

ശ്രീഖണ്ഠ്
തൈരിലെ ജലാംശം നീക്കി പഞ്ചസാരയും സുഗന്ധവസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന ക്ഷീരോല്‍പന്നമാണിത്. തൈരില്‍ നിന്ന് ജലാംശം മാറ്റിയാല്‍ കിട്ടുന്ന ഉല്‍പന്നമാണ് ഛക്ക.  നന്നായി പൊടിച്ച ഏലത്തരിയോ പൈനാപ്പിള്‍ ഫ്ളേവറോ ചേര്‍ത്താല്‍ രുചിയേറും. നിറത്തില്‍ പുതുമ വേണമെങ്കില്‍ ലെമണ്‍യെല്ളോ കളര്‍ ചേര്‍ക്കാം. പഴച്ചാറു ചേര്‍ക്കുന്നതും നിഷിദ്ധമല്ല. പ്രിസര്‍വേറ്റിവ് ചേര്‍ക്കാതെ നാല് ഡിഗ്രി സെല്‍ഷ്യസില്‍ ഫ്രിഡ്ജില്‍ ഒരാഴ്ച സൂക്ഷിക്കാം. പ്രിസര്‍വേറ്റിവ് ചേര്‍ത്താല്‍ ആയുസ്സ് 45 ദിവസംവരെ നീട്ടാം.

ചേരുവകള്‍:

  1. ഛക്ക -125 ഗ്രാം
  2. പഞ്ചസാരപ്പൊടി -125 ഗ്രാം
  3. കുങ്കുമപ്പൂവ് ചൂടാക്കിയത് -ഒരു നുള്ള്
  4. ജാതിക്ക ചുരണ്ടിയത് -അര ചെറിയ സ്പൂണ്‍
  5. പാല്‍ ചൂടാക്കിയത് -ഒരു വലിയ സ്പൂണ്‍
  6. റോസ് വാട്ടര്‍ -ഒരു ചെറിയ സ്പൂണ്‍
  7. അണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചത് -കാല്‍ കപ്പ്

തയാറാക്കുന്നവിധം:
ജാതിക്ക ചുരണ്ടിയതും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്ത് കലക്കി അരിച്ചെടുക്കുക. ഇത് ഛക്കയില്‍ ഒഴിച്ച് അണ്ടിപ്പരിപ്പൊഴികെയുള്ള ബാക്കി ചേരുവകള്‍ ചേര്‍ക്കുക. ഇതിനൊപ്പം കാല്‍ കപ്പ് പതച്ച ക്രീം കൂടി ചേര്‍ത്താല്‍ സ്വാദേറും. ഇത് വൃത്തിയും ഭംഗിയുമുള്ള പാത്രത്തിലാക്കി തണുപ്പിക്കാന്‍ വെക്കുക. ഉപയോഗിക്കാനെടുക്കുമ്പോള്‍ അണ്ടിപ്പരിപ്പ് മുകളില്‍ വിതറാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.