രുചിയില്‍ മുട്ടനാണ് ഈ പത്തിരിയും മട്ടനും

കോഴിക്കോട്ടെ വീട്ടിൽ നോമ്പും പെരുന്നാളും മാത്രമല്ല എന്നും ആഘോഷമായിരുന്നുവെന്ന് ഓർക്കുന്നു ജമീല. ഇത്താത്ത മാരും ആങ്ങളമാരും നിറയെ ആളും അനക്കവുമുള്ള വീട്. നന്നേ ചെറുപ്പത്തിലേ നോമ്പെടുക്കാൻതുടങ്ങിയിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു റമദാൻ മാസത്തിൽ കൂട്ടുകാരി പുളികൊണ്ടുവന്നു തന്നു. എല്ലാവരും പുളി കിട്ടിയതേ നുണയാൻ തുടങ്ങി. അവർക്കൊപ്പം കൂടി പുളി വായിലിട്ടു. അൽപം കഴിഞ്ഞാണ് നോമ്പാണെന്ന്‍ ഓർത്തത്.

തുപ്പിക്കളഞ്ഞ്​ വായ കഴുകിയിട്ടും പുളിയുടെ മഞ്ഞക്കറ പല്ലിൽ നിന്ന് പോയില്ല. പേടിച്ചു പേടിച്ചാണ് സ്കൂൾ വിട്ടു ഉപ്പയുടെ അടുത്തു പോയത്. ഉപ്പ കണ്ടപാടേ പല്ലിലെ കറ കണ്ടു പിടിച്ചു. ആദ്യം ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും കരച്ചിലോടെ ഉണ്ടായ കാര്യം പറഞ്ഞു. അറിയാതെ കഴിച്ചതല്ലേ നോമ്പ് മുറിയില്ല എന്ന് പറഞ്ഞു ഉമ്മ സമാധാനപ്പെടുത്തിയിട്ടും കരച്ചിൽ നിർത്താൻ ഏറെ പാടുപെട്ടു. കോഴിക്കോട് അത്തോളി സ്വദേശി കീർത്തി മഹലിൽ ഹംസയുടെ ഭാര്യയായ ജമീല കാല്‍ നൂറ്റാണ്ടില്‍ ഏറെയായി ഒമാനില്‍ ജീവിക്കുന്നു. മക്കൾ ആസിഫ്, സഫ, ഹഫാൻ. കോഴിക്കോട്ടുകാർ പുതിയാപ്ല സൽക്കാരത്തിനുണ്ടാക്കുന്ന വിഭവങ്ങളിലൊന്നായ കണ്ണ് വെച്ച പത്തിരിയും, മട്ടൺ കറിയുമാണ് ജമീല പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍:

  • ആട്ടിറച്ചി -ഒരു കിലോ 
  • സവാള -മൂന്ന് 
  • തക്കാളി -രണ്ട്​ 
  • പച്ചമുളക് -അഞ്ച്​
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പട്ട ഗ്രാമ്പൂ, ഏലക്ക -രണ്ട്​എണ്ണം വീതം
  • കറിവേപ്പില, മല്ലിപൊടി -2 ടീസ്പൂൺ 
  • ഷാഹി മുളക്പൊടി -അര ടീസ്പൂൺ 
  • കുരുമുളക് പൊടി -അര ടീസ്പൂൺ 
  • മഞ്ഞൾ പൊടി അര ടീസ്പൂൺ
  • ഗരം മസാല -അര ടീസപൂൺ
  • ഉപ്പ് -ആവശ്യത്തിന് 

തയാറാക്കുന്നവിധം: 

പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പട്ട, ഗ്രാമ്പൂ, ഏലക്കയും മൂപ്പിക്കുക. മൂത്തു വന്നാൽ സവാള ഇട്ട്​വഴറ്റി പാകമാവുമ്പോൾ തക്കാളി ചേർക്കുക. ഉപ്പും, കറിവേപ്പിലയും, പൊടികളും ചേർത്തു പാകമാവുമ്പോൾ മട്ടൺ ഇട്ടിളക്കി അടച്ചു വെക്കുക. മട്ടനിലെ വെളളം ഇറങ്ങി വന്നതിനു ശേഷം അര ഗ്ലാസ് തിളപ്പിച്ച വെളളം ചേർത്തു വേവിച്ചെടുക്കാം. (കുക്കറിൽ ഇട്ടു രണ്ട് വിസിൽ അടിച്ചാലും മതിയാവും).

കണ്ണ് വെച്ച പത്തിരി 

ചേരുവകള്‍: 

  • ആട്ട -മുക്കാൽ കപ്പ്
  • മൈദ -കാൽ കപ്പ് 
  • ഉപ്പ്, നെയ്യ് -ഒരു ടീസ്​പൂൺ 

തയാറാക്കുന്നവിധം: 

ആട്ടയും മൈദയും നെയ്യും ഉപ്പ് ചേർത്തു മയത്തിൽ കുഴച്ചെടുക്കുക. ഉരുളകളാക്കി ചെറുതായി പരത്തി എടുത്ത പത്തിരിയിൽ നെയ് തടവി നാല് മൂലയും ഉള്ളിലേക്ക് മടക്കി ചതുരത്തില്‍ ആക്കിവെക്കുക. അര മണിക്കൂറിനു ശേഷം എടുത്തു വീണ്ടും ഒന്നു പരത്തി തിളയ്ക്കുന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - malabar special kannu vacha pathiri and mutton curry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.