ഇഷ്ടമാകും ഈ ഇറാനിപോള

ഇന്ന് നമ്മോടൊപ്പം ഉള്ളത് കൊടുങ്ങല്ലൂരുകാരിയായ ഹൻസിൻ ആണ്. ഹൗസ് വൈഫ് എന്നു പറയുന്നതിനേക്കാൾ ഹൗസ് എക്സിക്യൂട്ടീവ് എന്നു പറയാനാണ് ഇഷ്ടമെന്നു പറയുന്ന ഹൻസിൻ മലപ്പുറം സ്വദേശി ജാബിർ അഹമ്മദ് അലിയുടെ ഭാര്യയായി ഒമാനിൽ എത്തിയിട്ട് 14 കൊല്ലമായി. ശാസിലും രിഹാനുമാണ് മക്കൾ. 

ഒരു റമദാൻ ഓർമയും നല്ലൊരു ഇഫ്താർ വിഭവവും പങ്കുവെക്കുന്നു ഹൻസിൻ. അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. മൂത്താപ്പയുടെ വീട്ടിലാണ് നോമ്പ് തുറ. സ്കൂൾവിട്ട് അങ്ങോട്ടാണു പോവുക. നോമ്പ് ഇരുപതു ആകുമ്പോൾ മറ്റു സമുദായങ്ങളിൽ ഉള്ളവർക്ക്​പത്തിരിയും കോഴിക്കറിയും കൊടുക്കുന്ന പതിവുണ്ട്. അന്ന്​സ്കൂൾവിട്ടു വരുമ്പോൾ കാണുന്നത് ചുട്ടു തീരാതെ കിടക്കുന്ന പത്തിരിയാണ്. ഗ്യാസ് തീർന്നതാണ് കാരണം.

ഹൻസിൻ
 


പതിനഞ്ചോളം വീടുകളിൽ എത്തിക്കാനും ഉണ്ട്. പിന്നെ അടുപ്പിൽ എല്ലാം ചുട്ടു തയാറാക്കി പാക്ക് ചെയ്തു. നോമ്പ് തുറക്ക്​ മുൻപായി എല്ലാം കൊണ്ടുപോയി കൊടുക്കാൻ ഉമ്മയെയും മൂത്തുമ്മയെയും മുൻപന്തിയിൽ നിന്നു സഹായിച്ചു. ഓരോ വീടുകളിലും അത് എത്തിച്ചപ്പോൾ ഉണ്ടായ സന്തോഷവും സംതൃപ്തിയും ഇന്നും സന്തോഷം പകരുന്ന ഓർമ തന്നെ. ഇനി ഇന്നത്തെ വിഭവത്തിലേക്ക്.

‘ഇറാനി പോള’

ചേരുവകൾ: 

  • മുട്ട -നാല്
  • മൈദ-1 കപ്പ്
  • പാൽ -1 കപ്പ്
  • എണ്ണ -1 കപ്പ്
  • ഉപ്പ് -ആവശ്യത്തിന് (ഇത്രയും സാധനങ്ങൾ ഒരുമിച്ചാക്കി മിക്സിയിൽ നന്നായി അടിച്ചുവെക്കുക) 

ഫില്ലിങ്ങിനു വേണ്ട സാധനങ്ങൾ:

  • കുരുമുളകും ഉപ്പും ചേർത്ത് വേവിച്ചു നുറുക്കിയ ചിക്കൻ -കാൽ കിലോ 
  • സവാള -2 എണ്ണം
  • കാരറ്റ് -2 എണ്ണം
  • കാപ്സിക്കം -1 എണ്ണം
  • മുട്ട -2 എണ്ണം
  • പച്ചമുളക് -ആവശ്യത്തിന് 
  • സ്പ്രിങ് ഒണിയൻ അരിഞ്ഞത് -കുറച്ച് 
  • കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ  
  • സോയ സോസ് -1 ടേബിൾ സ് പൂൺ 
  • എണ്ണ -ആവശ്യത്തിന്
  • ഉപ്പ് -പാകത്തിന് 
  • നെയ്യ് അല്ലെങ്കിൽ വെണ്ണ -അൽപം

തയാറാക്കുന്ന വിധം:

പാനിൽ എണ്ണ ഒഴിച്ച് ഒഴിച്ച് സവാള, പച്ചമുളക് എന്നിവ ചെറുതായി വഴറ്റിയെടുക്കുക, മുട്ട അൽപം ഉപ്പ് ചേർത്ത് പതപ്പിച്ച്​കൂട്ടിലേക്ക് ചേർത്ത് നന്നായി ചിക്കിയെടുക്കുക .അതു മാറ്റിയ ശേഷം വീണ്ടും അൽപം എണ്ണ ഒഴിച്ച്​കാരറ്റും കാപ്സിക്കവും ചെറുതായി വഴറ്റി അൽപം കുരുമുളക് പൊടിയും, സോയാ സോസും, ആവശ്യത്തിന് ഉപ്പും ചേർക്കുക. ആദ്യം ഉണ്ടാക്കി മാറ്റിയ മുട്ട ചിക്കിയതും ചിക്കനും ചേർത്ത് നന്നായി വഴറ്റി അരിഞ്ഞ സ്പ്രിങ് ഒണിയൻ ചേർത്ത് അടച്ചുവെക്കുക.

ഒരു നോൺസ്റ്റിക്​പാൻ എടുത്ത് അതിൽ അൽപം നെയ്യോ വെണ്ണയോ പുരട്ടിയ ശേഷം മിക്സിയിൽ അടിച്ച കൂട്ട് ഒഴിക്കുക. അതിനു മീതെ ഒരു ലെയർ ഫില്ലിങ്ങിടുക. വീണ്ടും മാവുമുട്ട കൂട്ട് ഒഴിക്കുക. മീതെ ഫില്ലിങ്ങിടുക. അങ്ങിനെ 3, 4 ലെയറിൽ ആക്കിയെടുക്കുക. 20, 25 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. കാപ്സിക്കം, കാരറ്റ്, സ്പ്രിങ് ഒണിയൻ എന്നിവ വച്ച് അലങ്കരിക്കുക.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan dishes irani pola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.