സേമിയയും മുട്ടയും പാലും കൂട്ടുകൂടിയ ചട്ടിപ്പത്തിരി

കുട്ടിക്കാലത്തെ റമദാൻ ഓർമകളിൽ ഇന്നും മായാതെ കിടക്കുന്നത് നാലു തലമുറയിൽപ്പെട്ടവരടങ്ങുന്ന തറവാട്ടിലെ വലിയ നോമ്പുതുറയാണെന്ന് പറയുന്നു സുനീറ. കുട്ടികൾക്ക്​ നോമ്പുതുറക്കാൻ പ്രത്യേകസ്ഥലം തന്നെ സജജമാക്കും. വലിയ പായ വിരിച്ച് വിഭവങ്ങളെല്ലാം ഒന്നൊന്നായി നിരത്തി നോമ്പ് മുറിക്കാൻ കാത്തിരിക്കും. അതിനിടെ ഒരുപാട് കുസൃതിത്തരങ്ങൾ ഒപ്പിക്കുന്നതും നോമ്പ് തുറന്ന് കഴിഞ്ഞാൽ ഉമ്മാമ്മ തരുന്ന സകാത്ത് പൈസ വാങ്ങാൻ വരിവരിയായി നിൽക്കുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.

അന്നും ഇന്നും എന്നും പ്രിയപ്പെട്ട റമദാൻ വിഭവം നാടൻ ബീഫ് സമൂസ തന്നെ എന്നു പറയുന്ന സുനീറക്ക്​ പക്ഷേ പാചകത്തേക്കാൾ കണക്കിലായിരുന്നു കമ്പം. കണക്ക്​അധ്യാപികയായി മുൻപ് ജോലി നോക്കിയിരുന്നെങ്കിലും ഇപ്പോൾ വീട്ടുഭരണം മാത്രം. കോഴിക്കോട് കുന്ദമംഗലം ആണ് സ്വദേശം. ഭർത്താവ് വെള്ളിപ്പറമ്പുകാരൻ മുഹമ്മദ് സലീം മസ്കത്ത്​ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയറാണ്. ഇന്ത്യൻ സ്ക്കൂൾ വാദി കബീറിൽ പഠിക്കുന്ന ജാസിം അലിയും ജാമിൽ അലിയുമാണ് മക്കൾ. 

ചേരുവകൾ:

  1. സേമിയ -500 ഗ്രാം 
  2. മുട്ട -എട്ട്​ എണ്ണം 
  3. പാൽ -ഒരു ലിറ്റർ 
  4. പഞ്ചസാര -ഒരു കപ്പ് 
  5. പാൽപ്പൊടി -അര കപ്പ് 
  6. ഏലക്കാപ്പൊടി -ഒന്നര ടീസ്പൂൺ 
  7. കാഷ്യൂനട്ട് -20 എണ്ണം 
  8. കിസ്മിസ് -25 എണ്ണം 
  9. സവാള കനം കുറച്ചു അരിഞ്ഞത് -ഒരെണ്ണം 
  10. നെയ്യ് -ആറ് ടേബിൾ സ്പൂൺ 
  11. ഉപ്പ് -ഒരു നുള്ള്
  12. കസ്കസ് അല്ലെങ്കിൽ വെളുത്ത എള്ള് -നാല് ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം:

ഒരു ബൗളിൽ ആറ് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു കപ്പ് പഞ്ചസാരയും ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക. ഇതിൽ പാലും, ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ നാല് ടേബ്ൾസ്പൂൺ നെയ്യൊഴിച്ച് കാഷ്യൂനട്ടും കിസ്മിസും വറുത്ത് കോരുക. ശേഷം സവാള ഒന്നു മൊരിച്ചു കോരുക. ബാക്കിയുള്ള നെയ്യിലേക്ക് സേമിയ ചേർത്ത് നന്നായി റോസ്റ്റ്​ചെയ്യുക. ഇനി ഒരു പ്രെഷർ കുക്കർ അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂൺ നെയ്യൊഴിച്ച് കുക്കറിന്‍റെ എല്ലാ വശങ്ങളിലും ചുറ്റിക്കുക. നേരത്തേ തയ്യാറാക്കി വെച്ച മുട്ട, പാൽ മിശ്രിതം നാല് ഭാഗമാക്കി തിരിച്ച് ആദ്യത്തെ ഭാഗം കുക്കറിൽ ഒഴിച്ച് ഒന്ന് തിള വരുമ്പോൾ പാൽ കവർ ചെയ്യുന്നത് വരെ സേമിയ ചേർത്ത് കൊടുക്കുക. മീഡിയം ഫ്ലെയിമിൽ ഇട്ട് കുക്കറിനടിയിൽ ഒരു മെറ്റൽ ലിഡ് വെച്ച് കൊടുത്ത് കുക്കർ വെയ്റ്റ് മാറ്റി അടച്ചു വെക്കുക. അഞ്ച് മിനിറ്റിന് ശേഷം സേമിയ ഒന്ന് വെന്തിട്ടുണ്ടാവും. 

ഈ സമയം അൽപം വെളുത്ത എള്ള് (കസ്കസ്), വറുത്ത സവാള, കാഷ്യൂ, കിസ്മിസ് എന്നിവ വിതറുക. വീണ്ടും പാൽ കൂട്ടിന്‍റെ അടുത്ത ഭാഗം ഒഴിച്ച് സേമിയ ചേർത്ത് ഒന്ന് മൂടിവെക്കുക. ഇങ്ങനെ അടുത്ത ലെയറും ചെയ്യുക. അവസാനം പാൽ കൂട്ട് ഒഴിച്ച് സേമിയ ചേർത്ത് അഞ്ച് മിനിറ്റ് മൂടിവെച്ചതിന് ശേഷം രണ്ട് മുട്ട രണ്ട് സ്പൂൺ പഞ്ചസാര ചേർത്തിളക്കിയ മിശ്രിതം ചട്ടിപ്പത്തിരിക്ക്​മുകളിൽ ഒഴിച്ച് കൊടുക്കുക. മുട്ട ഒന്ന് കുക്കായി വരുമ്പോൾ ബാക്കിയുള്ള സവാളയും കാഷ്യൂവും കിസ്മിസും ചേർത്ത് മുകളിൽ വെളുത്ത എള്ള് വിതറി അടച്ചു വച്ച് പത്ത്​ മിനിറ്റ് വേവിക്കുക. വെന്ത ശേഷം ഒന്ന് മറിച്ചിട്ട് രണ്ട്​മിനിറ്റ് വേവിക്കുക. നല്ല മൃദുവായ സേമിയ ചട്ടിപ്പത്തിരി റെഡി. മുറിച്ച് അലങ്കരിച്ചു നേരെ ഇഫ്താർ മേശയിലേക്ക്.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan special chatti pathiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.