നോമ്പു തുറന്ന് മഗ്രിബ് നമസ്കാരവും കഴിഞ്ഞാൽ വീടിനടുത്തുള്ള കടയിലേക്ക് ഐസ് അച്ചാർ കുടിക്കാനുള്ള ഓട്ടം. നോമ്പ് കാലത്തെ ഏറ്റവും നല്ല ഓർമ്മകൾ കുറ്റിച്ചിറയെന്ന നാടും അവിടുത്തെ കുട്ടിക്കാലവുമായി ഇടകലർന്നു കിടക്കുന്നുവെന്നു പറയുന്നു അഫി തംസീക്ക്. പ്രിയപ്പെട്ട റമദാൻ കാല ഭക്ഷണം ഏതെന്നു ചോദിച്ചാൽ ഉമ്മയുണ്ടാക്കുന്ന സമൂസക്കും ചട്ടിപ്പത്തിരിക്കും ഇറച്ചിക്കറിക്കും മേലെ ഒന്നും വരില്ലെന്നും പറയും അഫി.
ഉമ്മ വഴക്കു പറഞ്ഞാലും നോമ്പ് മുപ്പതും ഐസ് അച്ചാർ കുടിക്കുക എന്നത് ഒരു അവകാശം പോലെ തുടർന്ന ബാല്യം. തറാവീഹിനു ശേഷം മുത്താഴത്തിന് എന്നും ജീരകക്കഞ്ഞി ഉണ്ടാകും. അത്താഴത്തിന് എഴുന്നേറ്റാൽ ഭക്ഷണമൊക്കെ കഴിച്ച് സുബ്ഹി നമസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞാൽ കുട്ടികൾക്ക് ഉറക്കമില്ല. കൂട്ടംകൂടി കളിയോടു കളി. ഒരിക്കലും മായില്ല ആ റമദാൻ കാലങ്ങൾ.
ബിസിനസുകാരനായ ഭർത്താവു തംസീക്കിനൊപ്പം അഫി ഒമാനിൽ എത്തിയിട്ട് ഏഴു കൊല്ലമായി. മകൾ തക്സ ഇന്ത്യൻ സ്കൂൾ ഗുബ്രയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി. മീനുകളിലെ രാജാവായ കിങ് ഫിഷിനെ രാജകീയമായി ഇഫ്താർ മേശയിലേക്കു നയിക്കാൻ പോന്ന ഒരു വിഭവം, ക്രീമി ഫിഷ് പെരട്ട് പരിചയപ്പെടുത്തുന്നു അഫി.
ചേരുവകളും തയാറാക്കുന്നവിധവും:
കിങ്ഫിഷ് -അര കിലോ (മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, തൈര്, ഉപ്പ്, പച്ചമുളക്, കറിവേപ്പില മല്ലിയില, പുതിനയില എന്നിവയെല്ലാം അരച്ച് മീൻ കഷണങ്ങളിൽ പുരട്ടി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽവച്ച ശേഷം എടുത്തു ഫ്രൈ ചെയ്ത് വെക്കുക) മീൻ വറുത്തു മാറ്റിയ എണ്ണയിൽ മൂന്നു സവാള, രണ്ടു തക്കാളി എന്നിവ അരിഞ്ഞതും രണ്ടു പച്ചമുളക് കീറിയതും മൂന്നു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റുക.
പിന്നീട് കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. നന്നായി വഴറ്റിക്കഴിഞ്ഞാൽ മൂന്നു സ്പൂൺ മല്ലിപ്പൊടി, രണ്ടു സ്പൂൺ ഷാഹി മുളകുപൊടി, അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ ഷാഹി ഗരം മസാല, അര സ്പൂൺ പെരുംജീരകം പൊടി എന്നിവ ചേർക്കുക. പൊടികൾ മൂത്തു കഴിഞ്ഞാൽ കുറച്ചു വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. പിന്നാലെ മൂന്നു സ്പൂൺ ഫ്രഷ്ക്രീം ഒഴിക്കുക. നന്നായി തിളച്ചാൽ വറുത്ത മീൻ കഷണങ്ങൾ ചേർക്കുക. പാകത്തിന് കുറുകിയാൽ മല്ലിയില തൂകി ഇറക്കാം. ഇനി നന്നായി അലങ്കരിച്ചു മേശയിലേക്ക്.
തയാറാക്കിയത്: ഹേം സോപാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.